സ്വന്തം താരത്തിന്റെ ടാക്കിളിൽ മൊറിഞ്ഞോക്ക് പരിക്ക്,പാഠം പഠിച്ചുവെന്ന് പരിശീലകൻ!
നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയെയാണ് സ്പെഷ്യൽ വൺ എന്നറിയപ്പെടുന്ന ഹോസേ മൊറിഞ്ഞോ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.അവിടെയും വിവാദങ്ങൾക്ക് കുറവൊന്നുമില്ല. എന്നിരുന്നാലും ടീമിനെ മോശമല്ലാത്ത രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തുർക്കിഷ് ലീഗിൽ നാളെ നടക്കുന്ന മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു ഫെനർബാഷെ ഉണ്ടായിരുന്നത്.
ഇതിന്റെ ഭാഗമായി നടന്ന ട്രെയിനിങ് സെഷനിൽ വളരെ രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അതായത് റീടെൻഷൻ സെഷനായിരുന്നു അരങ്ങേറിയിരുന്നത്. ഈ ട്രെയിനിങ്ങിൽ താരങ്ങൾക്കിടയിൽ മൊറിഞ്ഞോ ഉണ്ടായിരുന്നു. എന്നാൽ ഒരു ഫെനർബാഷെ താരം അബദ്ധത്തിൽ മൊറിഞ്ഞോയെ ടാക്കിൾ ചെയ്യുകയായിരുന്നു.തുടർന്ന് നിലത്ത് വീണ ഈ പരിശീലകന് പരിക്കേൽക്കുകയും ചെയ്തു.
പിന്നീട് രണ്ട് പേരുടെ സഹായത്തോടുകൂടിയാണ് മൊറിഞ്ഞോ കളം വിട്ടത്. അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്കേറ്റിട്ടുള്ളത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.രസകരമായ ഒരു ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്.ആ ക്യാപ്ഷൻ ഇങ്ങനെയാണ്.
‘ യുവ പരിശീലകർക്ക് ഞാൻ ഇതിൽ നിന്നും ഒരു പാഠം പറഞ്ഞുതരാം. താരങ്ങൾ ധരിക്കുന്ന ജേഴ്‌സിയുടെ നിറത്തിലുള്ള അതേ വസ്ത്രങ്ങൾ ഒരു കാരണവശാലും ധരിക്കരുത്.അങ്ങനെ ഉണ്ടായാൽ അവർ ഒന്നുകിൽ നിങ്ങൾക്ക് പാസ് നൽകും, അല്ലെങ്കിൽ നിങ്ങളെ പുറകിൽ നിന്നും വന്ന് ടാക്കിൾ ചെയ്തു വീഴ്ത്തും ‘ ഇതാണ് മൊറിഞ്ഞോ എഴുതിയിട്ടുള്ളത്.കൂടാതെ ചിരിക്കുന്ന ഇമോജികളും അദ്ദേഹം ചേർത്തിട്ടുണ്ട്.
നിലവിൽ തുർക്കിഷ് ലീഗിൽ മൂന്നാം സ്ഥാനത്താണ് ഇദ്ദേഹത്തിന്റെ ക്ലബ്ബ് ഉള്ളത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയെയായിരുന്നു ഈ പരിശീലകൻ പരിശീലിപ്പിച്ചിരുന്നത്. നേരത്തെ യുണൈറ്റഡിനെ സമനിലയിൽ തളക്കാൻ ഫെനർബാഷെക്ക് സാധിച്ചിരുന്നു.ആ മത്സരത്തിൽ മൊറിഞ്ഞോക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു.