റൊണാൾഡോയുടെ ലക്ഷ്യം പെലെയുടെ റെക്കോർഡ് തകർക്കുകയെന്ന് യുണൈറ്റഡ് ഇതിഹാസം
ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ സ്കോറിങ് റെക്കോർഡ് തകർത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുങ്ങുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരവുമായിരുന്ന ഗാരി നെവില്ല. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പദ്ധതികളെ കുറിച്ച് സംസാരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി നേടിയെടുക്കലാണ് ക്രിസ്റ്റ്യാനോയുടെ പ്ലാൻ എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
” വ്യക്തിഗത നേട്ടങ്ങളാണ് തനിക്ക് പ്രാധ്യാന്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച കുറച്ചു താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും മികച്ച താരമാവുക എന്നതാണ് അദ്ദേഹത്തിന്റെ ആവിശ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് കൃത്യമായി അദ്ദേഹം നടപ്പിലാക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ കഠിനാദ്ധ്യാനത്തിന്റെ ഫലമാണ് അദ്ദേഹം നേടിയ പുരസ്‌കാരങ്ങളെല്ലാം. എനിക്ക് തോന്നുന്നത് പെലെയുടെ റെക്കോർഡുകൾ തകർക്കാൻ അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നു എന്നാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ കൂടുതൽ വിജയങ്ങളും കിരീടങ്ങളും നേടാൻ ടീമിനെ സഹായിക്കുകയും ചെയ്യും ” അദ്ദേഹം പറഞ്ഞു.