റൊണാൾഡീഞ്ഞോയെ വിട്ടയച്ചു

കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോയെയും സഹോദരനെയും പരാഗ്വൻ പോലീസ് വിട്ടയച്ചു. പരാഗ്വയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ വെച്ച് നടന്ന എട്ട് മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷമാണ് താരത്തെയും സഹോദരനെയും പോലീസ് വിട്ടയച്ചത്. പോലീസ് സംരക്ഷണയിലാണ് താരത്തെ ഹോട്ടലിൽ വരെ എത്തിച്ചത്. കഴിഞ്ഞ ദിവസം വ്യാജപാസ്പോർട്ട്‌ ഉപയോഗിച്ചതിനായിരുന്നു പരാഗ്വൻ പോലീസ് റൊണാൾഡീഞ്ഞോയെ കസ്റ്റഡിയിലെടുത്തത്.

ലാ നാസിയോണിന്റെ റിപ്പോർട്ട്‌ പ്രകാരം കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ചാണ് താരത്തെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരാഗ്വയിലെ കാസിനോ ഉടമസ്ഥനായ നെൽസൺ ബെലോട്ടിയുടെ ക്ഷണപ്രകാരമായിരുന്നു ഇരുവരും പരാഗ്വയിൽ എത്തിയതെന്നാണ് പോലീസിന്റെ ഭാഷ്യം. റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും പാസ്സ്പോർട്ടിലെ പേരിലോ ജനനതിയ്യതിയിലോ ജനനസ്ഥലത്തിലോ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും പൗരത്വത്തിന്റെ കാര്യത്തിലാണ് പിഴവുള്ളത്.

പാസ്സ്പോർട്ടിൽ താരം ജന്മം കൊണ്ട് പരാഗ്വൻ പൗരനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താലാണ് താരത്തെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ താരത്തിന് ബ്രസീലിയൻ പാസ്സ്പോർട്ടും ഇല്ല. 2018-ൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം താരത്തിന്റെ ബ്രസീലിയൻ പാസ്പോർട്ട്‌ അധികൃതർ റദ്ദ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *