റയൽ മാഡ്രിഡിന് വേണ്ടി കാത്തിരിക്കുക:അലോൺസോക്ക് ഉപദേശം

ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസനെ അത്ഭുതകരമായ രീതിയിലാണ് പരിശീലകനായ സാബി അലോൺസോ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനമാണ് ഈ സീസണിൽ ബയേർ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ അപരാജിത കുതിപ്പ് അവർ നടത്തുന്നുണ്ട്.നിലവിൽ ജർമൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബയേർ ലെവർകൂസൻ തന്നെയാണ്.

അതുകൊണ്ടുതന്നെ ഈ പരിശീലകനെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. പ്രത്യേകിച്ച് ലിവർപൂളിന് വലിയ താല്പര്യമുണ്ട്. അവരുടെ പരിശീലകനായ യുർഗൻ ക്ലോപിന്റെ പകരക്കാരനായി കൊണ്ട് ലിവർപൂൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സാബിയെയാണ്. എന്നാൽ ഇക്കാര്യത്തിൽ സാബിക്ക് മുൻ ബയേർ ചീഫായ റെയ്നീർ കാൽമണ്ട് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.അതായത് ലിവർപൂളിലേക്ക് പോകുന്നതിനു പകരം ഒന്നോ രണ്ടോ വർഷങ്ങൾ കാത്തിരുന്നതിനു ശേഷം റയൽ മാഡ്രിഡിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് ഉപദേശം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അലോൺസോ ലിവർപൂളിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല. തീർച്ചയായും അത് മികച്ച ഒരു ഓപ്ഷനാണ്. അദ്ദേഹം ലിവർപൂളിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. മാത്രമല്ല ബയേണിനൊപ്പം ചാമ്പ്യൻഷിപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ റയൽ മാഡ്രിഡിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ കാത്തിരുന്ന് കാണണം. ഞാൻ ഒരിക്കലും സാബിയോട് ലിവർപൂളിലേക്ക് പോകാൻ ഉപദേശിക്കില്ല. മറിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കൂടി ലെവർകൂസനിൽ തുടർന്ന് കാത്തിരിക്കുക. എന്നിട്ട് മാഡ്രിഡിൽ ആഞ്ചലോട്ടിയുടെ പകരക്കാരനാവാം “ഇതാണ് മുൻ ചീഫ് നൽകിയിട്ടുള്ള ഉപദേശം.

2026 വരെയാണ് റയൽ മാഡ്രിഡുമായി ആഞ്ചലോട്ടിക്ക് കോൺട്രാക്ട് അവശേഷിക്കുന്നത്. അതിനുശേഷം റയലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനാണ് ഇദ്ദേഹത്തിന് ഉപദേശമായി കൊണ്ട് ലഭിച്ചിരിക്കുന്നത്. ഏതായാലും വരുന്ന സമ്മറിൽ ലിവർപൂൾ,ബയേൺ എന്നിവർ വലിയ രൂപത്തിൽ ഈ പരിശീലകന് വേണ്ടി ശ്രമിച്ചേക്കും. ബാഴ്സലോണക്കും ഈ പരിശീലകനിൽ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *