യൂറോപ്പിലേക്ക് മടങ്ങിവരൂ: ക്രിസ്റ്റ്യാനോയോട് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഈ സീസണിൽ 2 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടുള്ളത്.രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അൽ ഹിലാലിനെതിരെയുള്ള സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് അൽ നസ്റിന് ഏറ്റുവാങ്ങേണ്ടിവന്നത്. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരസ്യമായി കൊണ്ടുതന്നെ സഹതാരങ്ങളെ അപമാനിച്ചിരുന്നു. ഇന്നലെ നടന്ന സൗദി ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ സമനില വഴങ്ങുകയും ചെയ്തിരുന്നു.
ക്രിസ്റ്റ്യാനോക്ക് സൗദി അറേബ്യയിൽ അത്ര നല്ല സമയമല്ല ഇപ്പോൾ. മികച്ച പ്രകടനം താരം നടത്തുന്നുണ്ടെങ്കിലും ക്ലബ്ബ് പരിതാപകരമായ സ്ഥിതിയിലൂടെയാണ് പോകുന്നത്.സൗദിയിൽ ഒരു കിരീടം പോലും നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടില്ല. മാത്രമല്ല എതിർ ആരാധകർ പലപ്പോഴും മോശമായാണ് താരത്തെ ട്രീറ്റ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് പരിശീലകനായ റെനെ മ്യുളൻസ്റ്റീൻ.ഫെർഗൂസന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് റൊണാൾഡോയെ പരിശീലിപ്പിക്കാൻ മുൻപ് റെനെക്ക് കഴിഞ്ഞിട്ടുണ്ട്.കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തുകയും അവിടെവച്ച് കരിയർ അവസാനിപ്പിക്കുകയും ചെയ്താൽ അതൊരു മനോഹരമായ കാര്യമായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഒരുപാട് കാരണങ്ങൾ കൊണ്ട് അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങി എത്തേണ്ടതുണ്ട്.ഏറ്റവും നല്ലത് തന്റെ പഴയ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗിലേക്ക് എത്തുന്നതാണ്.ഫുട്ബോളിൽ നിന്നും അദ്ദേഹം എപ്പോഴാണ് വിരമിക്കൽ പ്രഖ്യാപിക്കുക എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ് ‘ ഇതാണ് റെനെ പറഞ്ഞിട്ടുള്ളത്.
2007 മുതൽ 2009 വരെയായിരുന്നു റെനെ റൊണാൾഡോയെ പരിശീലിപ്പിച്ചിരുന്നത്. ആ സമയത്ത് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമൊക്കെ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. നിലവിൽ റൊണാൾഡോയെ തിരിച്ചുകൊണ്ടുവരാൻ സ്പോർട്ടിംഗിന് താല്പര്യമുണ്ട്. പക്ഷേ റൊണാൾഡോ തിരികെ വരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല.