മെസ്സിക്കും ക്രിസ്റ്റ്യാനോക്കും സാധിക്കാത്തത്,ബാലൺഡി’ഓറിലെ ആ റെക്കോർഡ് റൊണാൾഡോയുടെ പേരിൽ തന്നെ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് സമ്മാനിക്കപ്പെടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരീസിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കപ്പെടുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ റോഡ്രിക്ക് സാധ്യത കല്പിക്കുന്നവരും ഫുട്ബോൾ ലോകത്ത് നിരവധിയാണ്.
1995 വരെ ബാലൺഡി’ഓർ യൂറോപ്പ്യൻ രാജ്യങ്ങളിലെ താരങ്ങൾക്ക് മാത്രമായിരുന്നു നൽകിയിരുന്നത്. അതിനുശേഷമാണ് ബാക്കിയുള്ള ഭൂഖണ്ഡങ്ങളിലെ താരങ്ങളെ പരിഗണിച്ചു തുടങ്ങിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരം ഉള്ള താരം ലയണൽ മെസ്സിയാണ്. എട്ട് തവണ ഈ പുരസ്കാരം നേടിയ മെസ്സി തന്നെയാണ് നിലവിലെ ജേതാവും. രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നത്. അദ്ദേഹം 5 തവണ ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ രണ്ടു താരങ്ങൾക്കും തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയുടെ പേരിലുണ്ട്.ബാലൺഡി’ഓർ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. റൊണാൾഡോ രണ്ടുതവണയാണ് കരിയറിൽ ബാലൺഡി’ഓർ നേടിയിട്ടുള്ളത്.1997ലും 2002ലുമായിരുന്നു അത്.
1997ൽ റൊണാൾഡോ ഈ പുരസ്കാരം നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കേവലം 21 മാത്രമാണ്.ഇന്റർ മിലാനിൽ കളിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം ഈ ബാലൺഡി’ഓർ സ്വന്തമാക്കിയത്. ബാലൺഡി’ഓർ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം ലയണൽ മെസ്സിയും മൂന്നാമത്തെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്.22ആം വയസ്സിലാണ് മെസ്സി ആദ്യമായി ബാലൺഡി’ഓർ സ്വന്തമാക്കുന്നത്.2009ൽ ബാഴ്സക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അത്. മൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ 23ആം വയസ്സിലാണ് ബാലൺഡി’ഓർ സ്വന്തമാക്കിയത്.2008ൽ യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ക്രിസ്റ്റ്യാനോ തന്റെ ആദ്യത്തെ ബാലൺഡി’ഓർ സ്വന്തമാക്കിയത്.
ഏതായാലും റൊണാൾഡോ നസാരിയോയുടെ റെക്കോർഡ് തകർക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.അതിന് ആർക്ക് സാധിക്കും എന്നതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.