മുപ്പത്തിരണ്ടായിരം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ബ്രസീൽ ഫുട്ബോൾ ടീം
കൊറോണ പ്രതിസന്ധി നേരിടുന്ന ബ്രസീലിയൻ ജനതക്ക് താങ്ങും തണലുമായി ബ്രസീലിയൻ ഫുട്ബോൾ ടീം. രാജ്യത്തെ മുപ്പത്തിരണ്ടായിരം കുടുംബങ്ങളെ സഹായിക്കാനാണ് ബ്രസീലിയൻ ഫുട്ബോൾ ടീം തീരുമാനിച്ചിരിക്കുന്നത്. ഈ കുടുംബങ്ങൾക്ക് രണ്ട് മാസത്തിന് ആവിശ്യമായ സാധനസാമഗ്രികൾ എത്തിക്കാനാണ് ബ്രസീൽ ദേശീയടീം തീരുമാനിച്ചിരിക്കുന്നത്. സിബിഎഫിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്.
ബ്രസീൽ ടീമിലെ അംഗങ്ങളായ നാല്പത് പേരാണ് ഇതിനാവിശ്യമായ സാമ്പത്തികസഹായങ്ങൾ നൽകുന്നത്. ബ്രസീലിയൻ നാഷണൽ ടീമും ടെക്നിക്കൽ കമ്മീഷനും കൂടി അഞ്ച് മില്യൺ ഡോളർ ചിലവഴിച്ച് ആവിശ്യവസ്തുക്കളും ഭക്ഷണസാമഗ്രികളും ക്ലീനിങ് ഉപകരങ്ങളും വാങ്ങി ഈ കുടുംബങ്ങൾക്ക് എത്തിച്ചു നൽകും. ബ്രസീലിയൻ സൂപ്പർ താരങ്ങളായ നെയ്മർ, ആലിസൺ, മാർക്വിഞ്ഞോസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ബ്രസീലിയൻ പരിശീലകൻ ടിറ്റെയും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.