മയക്കുമരുന്ന് വിറ്റു,ചവറ്റുകൂനയിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചു : ദുരിതകാലം വെളിപ്പെടുത്തി എവ്ര!
ഫുട്ബോൾ ലോകത്തെ പല താരങ്ങളും തങ്ങളുടെ കുട്ടിക്കാലത്ത് പ്രതിസന്ധികളും അരക്ഷിതാവസ്ഥകളും നേരിട്ടവരായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് തങ്ങൾ ഇവിടം വരെ എത്തിയത് എന്നുള്ളത് പലരും തുറന്നു പറയാറുണ്ട്. മുൻ യുണൈറ്റഡ് താരമായിരുന്ന പാട്രിക് എവ്രയും അത്തരത്തിലുള്ള ചില ദുരിതാനുഭവങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് തന്റെ 24 സഹോദരങ്ങൾക്കൊപ്പമായിരുന്നു എവ്ര ജീവിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് വീട് വിട്ടതോടെ എവ്രയുടെ ദുരിതകാലം ആരംഭിക്കുകയായിരുന്നു.പിന്നീട് അതിനെ അതിജീവിക്കാൻ വേണ്ടി മയക്കുമരുന്ന് വിൽക്കേണ്ടി വന്നതും ചവറ്റുകൂനയിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കേണ്ടി വന്നതുമൊക്കെ എവ്ര ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 28, 2022
” ചില രാത്രികളിൽ ഞങ്ങൾ ചവറ്റുകൂനയിൽ ഭക്ഷണാവശിഷ്ടങ്ങൾ തിരയുമായിരുന്നു. വിശപ്പടക്കാൻ അതായിരുന്നു മാർഗ്ഗം. എന്റെ പിതാവ് പോയതിനുശേഷം എല്ലാം പ്രതിസന്ധിയിലായിരുന്നു. എനിക്ക് 17 വയസ്സുള്ള അന്ന് ഞാൻ ഇറ്റലിയിലേക്ക് എത്തി. അതിജീവിക്കാൻ വേണ്ടി പലതും ചെയ്തു. മയക്കുമരുന്ന് വിൽക്കേണ്ടിവന്നു, യാചിക്കേണ്ടി വന്നു, ഒരു ടെലിവിഷൻ സ്റ്റോറിൽ ജോലി ചെയ്യേണ്ടി വന്നു. പക്ഷേ എന്റെ അമ്മയെ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല. ഇവിടെ സ്വർഗ്ഗമാണെന്നും ഭക്ഷണം വിളമ്പി തരാൻ വരെ ഇവിടെ ആളുകളുണ്ട് എന്നുമായിരുന്നു ഞാൻ അമ്മയോട് പറഞ്ഞിരുന്നത്. പക്ഷേ ഈ ദുരിതത്തിൽ നിന്നുമൊക്കെ എന്നെ രക്ഷിച്ചത് ഫുട്ബോളായിരുന്നു ” ഇതാണ് എവ്ര പറഞ്ഞിട്ടുള്ളത്.
2006 മുതൽ 2014 വരെയായിരുന്നു എവ്ര യുണൈറ്റഡിന് വേണ്ടി കളിച്ചിരുന്നത്. ഫ്രഞ്ച് ദേശീയ ടീമിനുവേണ്ടി 81 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.