ബൈ ബൈ വിനീഷ്യസ്…പാട്ട് പാടി ആഘോഷിച്ച് റോഡ്രി!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറായിരുന്നു. എന്നാൽ ഈ ചടങ്ങിന് മണിക്കൂറുകൾക്കു മുൻപേ ഹൃദയം തകർക്കുന്ന വാർത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്.വിനീഷ്യസിനെ പരാജയപ്പെടുത്തിക്കൊണ്ട് റോഡ്രി ഈ പുരസ്കാരം നേടുകയായിരുന്നു.ഇതറിഞ്ഞ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിച്ചു.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും ഫുട്ബോൾ ലോകത്തെ കെട്ടടങ്ങിയിട്ടില്ല.
റോഡ്രി അർഹിച്ച പുരസ്കാരമാണ് നേടിയത് എന്ന് ഒരുകൂട്ടം ആരാധകർ വാദിക്കുന്നുണ്ട്.അതേസമയം റോഡ്രിയേക്കാൾ അർഹത വിനീഷ്യസിനായിരുന്നുവെന്നും വിനീഷ്യസിനോട് ചെയ്തത് തികഞ്ഞ അനീതിയാണ് എന്നുമാണ് മറ്റൊരുകൂട്ടം വാദിക്കുന്നത്.ഫുട്ബോൾ ലോകം ഇങ്ങനെ രണ്ട് തട്ടിൽ നിലനിൽക്കുന്ന ഈ സമയത്ത് മറ്റൊരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.റോഡ്രി തന്റെ ബാലൺഡി’ഓർ നേട്ടം ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ വിവാദമായിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റി ആദ്യം പങ്കുവെച്ച വീഡിയോയിൽ റോഡ്രി വിനീഷ്യസ് ജൂനിയർ പരിഹസിക്കുന്നുണ്ട്.അയ് വിനീഷ്യസ്..ചാവോ..ചാവോ..ചാവോ എന്നാണ് റോഡ്രി പാടുന്നത്. അതായത് വിനീഷ്യസ്..ബൈ..ബൈ..ബൈ എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്.ഇത് വിവാദമായതോടെ മാഞ്ചസ്റ്റർ സിറ്റി വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ അതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചു.
സ്പാനിഷ് മാധ്യമങ്ങൾ തന്നെ ഇക്കാര്യം വാർത്തയാക്കിയിട്ടുണ്ട്. പാരീസിൽ വെച്ച് നടന്ന ആഘോഷത്തിനിടയാണ് റോഡ്രി തന്നെ വിനീഷ്യസ് ജൂനിയറെ പരിഹസിച്ചിട്ടുള്ളത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.റോഡ്രിയുടെ ആരാധകർ കൊട്ടിഘോഷിച്ച മാന്യത എവിടെപ്പോയി എന്നാണ് വിമർശകർ ചോദിക്കുന്നത്.റോഡ്രിയിൽ നിന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.