ബാലൺ ഡി’ഓർ പുരസ്ക്കാരം ഇന്ന് സമ്മാനിക്കും,അറിയേണ്ടതെല്ലാം!

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് നൽകപ്പെടുക. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ഈ പുരസ്കാരം സമ്മാനിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്കാണ് ഈ പുരസ്കാരദാന ചടങ്ങ് നടത്തപ്പെടുക.

ഈ പുരസ്കാരത്തിന് വേണ്ടിയുള്ള 30 അംഗ ഷോർട്ട് ലിസ്റ്റ് നേരത്തെ തന്നെ ബാലൺഡി’ഓർ അധികൃതർ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലെ ചാമ്പ്യനും സൂപ്പർ താരവുമായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവർക്ക് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ,സലാ,മാനെ,ഡി ബ്രൂയിന തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇതിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയിരുന്നു.

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.കഴിഞ്ഞ സീസണിൽ അത്രയേറെ മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.44 ഗോളുകളും 15 അസിസ്റ്റുകളുമായിരുന്നു കഴിഞ്ഞ സീസണിൽ ബെൻസിമ നേടിയിരുന്നത്. മാത്രമല്ല റയലിനൊപ്പം ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മറ്റുള്ള താരങ്ങൾക്കാർക്കും തന്നെ സാധ്യതകൾ വളരെയധികം കുറവാണ്.

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം,ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം എന്നിവയൊക്കെ ഇന്ന് സമ്മാനിക്കപ്പെടും.റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾ കീപ്പറായ തിബൗട്ട് കോർട്ടുവക്കാണ് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ ആധിപത്യം തന്നെയാണ് ഇന്ന് പുരസ്കാരദാന ചടങ്ങിൽ കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *