ബാലൺ ഡി’ഓറിനേക്കാൾ മികച്ചത് ഫിഫ ബെസ്റ്റ് തന്നെ : ലെവന്റോസ്ക്കി
കഴിഞ്ഞ വർഷത്തെ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു നേടിയിരുന്നത്.റോബർട്ട് ലെവന്റോസ്ക്കിയെയായിരുന്നു മെസ്സി പിന്തള്ളിയിരുന്നത്. എന്നാൽ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്ക്കാരം സ്വന്തമാക്കിയിരുന്നത് റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു.മെസ്സിയായിരുന്നു രണ്ടാമത്. തുടർച്ചയായ രണ്ടാം തവണയായിരുന്നു ലെവന്റോസ്ക്കി ഫിഫ ബെസ്റ്റ് സ്വന്തമാക്കിയത്.
ഏതായാലും ഇതേ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളിപ്പോൾ ലെവന്റോസ്ക്കി പങ്കുവെച്ചിട്ടുണ്ട്.ബാലൺ ഡി’ഓറിനേക്കാൾ മികച്ചത് ഫിഫ ബെസ്റ്റാണ് എന്നാണ് ലെവന്റോസ്ക്കിയുടെ അഭിപ്രായം. ഇതിനുള്ള വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്. കഴിഞ്ഞദിവസം പോളിഷ് മാഗസിനായ പിൽകനൊസ്നയോട് സംസാരിക്കുകയായിരുന്നു താരം.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 5, 2022
” ഞാൻ ഈ രണ്ട് അവാർഡുകളെ കുറിച്ചും നന്നായി ചിന്തിച്ചിരുന്നു.ഫിഫ ബെസ്റ്റ് ആണോ ബാലൺ ഡി’ഓറാണോ മികച്ചത് എന്നായിരുന്നു എന്റെ സംശയം.ഒടുവിൽ ബാലൺ ഡി’ഓറിനേക്കാൾ മികച്ചത് ഫിഫ ബെസ്റ്റാണെന്ന ഒരു നിഗമനത്തിൽ ഞാനെത്തി. ജേണലിസ്റ്റുകൾ മാത്രമാണ് ബാലൺ ഡി’ഓറിൽ വോട്ട് ചെയ്യുക.അവിടെ ഒരു വ്യക്തമായ വെരിഫിക്കേഷനുമില്ല.ഇക്കാര്യം ഒട്ടേറെ ഫുട്ബോൾ വിദഗ്ധരും മുൻ താരങ്ങളും ഇപ്പോൾ കളിക്കുന്ന താരങ്ങളും ചൂണ്ടിക്കാണിച്ചതാണ്.പക്ഷെ പ്രൊഫഷണലുകൾ, ജേണലിസ്റ്റുകൾ, പരിശീലകർ, ക്യാപ്റ്റൻമാർ എന്നിവരാണ് ഫിഫ ബെസ്റ്റിൽ വോട്ട് ചെയ്യുന്നത്.ഇവരെല്ലാം തന്നെ താരങ്ങളുടെ നേട്ടങ്ങളും കളത്തിലെ പ്രകടനങ്ങളും റെക്കോർഡുകളുമെല്ലാം വ്യക്തമായും സ്പഷ്ടമായും വിലയിരുത്തുന്നവരാണ്. ഒരുപക്ഷേ സ്വീകാര്യതയുടെ കാര്യത്തിൽ ഫിഫ ബെസ്റ്റിനേക്കാൾ ബാലൺ ഡി’ഓർ മുകളിലായിരിക്കും.പക്ഷെ പരിശീലകരുടെയും താരങ്ങളുടെയും വോട്ട് മുഖാന്തരമാണ് തുടർച്ചയായ രണ്ടാം തവണയും ഞാൻ ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്.അതെനിക്ക് അഭിമാനിക്കാൻ വക നൽകുന്നു.കാരണം ഇത്രയും വർഷം ഞാൻ എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നുള്ളത് എനിക്കറിയാം ” ലെവന്റോസ്ക്കി പറഞ്ഞു.
ബാലൺ പുരസ്കാരം എന്നുള്ളത് ഇപ്പോഴും ലെവന്റോസ്ക്കിക്ക് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്.അതേസമയം കഴിഞ്ഞതവണ നേടിയതോടെ മെസ്സി ഏഴ് ബാലൺ ഡി’ഓറുകൾ കരസ്ഥമാക്കി കഴിഞ്ഞിരുന്നു.