ഫുട്ബോൾ എല്ലാവരുടേതും കൂടിയാണ് :റയലിനെതിരെ ആഞ്ഞടിച്ച് അഗ്വേറോ!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വലിയ വിവാദങ്ങളിലാണ് കലാശിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പുരസ്കാരം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും റോഡ്രിയാണ് ഈ പുരസ്കാരം നേടിയത്. ഇതോടെ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിച്ചു.ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
മറ്റു പല അവാർഡുകളും റയൽ മാഡ്രിഡിന് ഉണ്ടായിരുന്നു. എന്നാൽ വിനിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് അതെല്ലാം ബഹിഷ്കരിക്കാൻ റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ റയലിന്റെ ഈ പ്രവർത്തിക്കെതിരെ മുൻ അർജന്റൈൻ താരമായിരുന്ന സെർജിയോ അഗ്വേറോ രംഗത്ത് വന്നിട്ടുണ്ട്.ഫുട്ബോൾ റയൽ മാഡ്രിഡിന്റേത് മാത്രമല്ല, എല്ലാവരുടേതും കൂടിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” അർഹിച്ച പുരസ്കാരമാണ് റോഡ്രി സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം റോഡ്രിയാണ്.ഫുട്ബോൾ എല്ലാവരുടേതും കൂടിയാണ്.അല്ലാതെ റയൽ മാഡ്രിഡിന്റെത് മാത്രമല്ല. തീർച്ചയായും വളരെയധികം അർഹിച്ചത് തന്നെയാണ് അവർ നേടിയിട്ടുള്ളത് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ചടങ്ങ് ബഹിഷ്കരിച്ച കാര്യത്തിൽ റയൽ മാഡ്രിഡിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പക്ഷേ യുവേഫയും ഫ്രാൻസ് ഫുട്ബോൾ മാഗസിനും തങ്ങളെ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്.വിനീഷ്യസിന് ബാലൺഡി’ഓർ പുരസ്കാരം ഇല്ല എന്നത് നേരത്തെ അറിയിക്കാത്തതാണ് റയൽ മാഡ്രിഡിനെ ഇത്രയധികം ദേഷ്യം പിടിപ്പിച്ചിട്ടുള്ളത്.