പ്രശ്‌നങ്ങൾ അവസാനിക്കുന്നു,ബാലൺ ഡി’ഓർ ബെൻസിമ അർഹിക്കുന്നുവെന്ന് വാൽബ്യൂന!

മുമ്പ് ഫ്രഞ്ച് ടീമിൽ കളിച്ചിരുന്ന സഹതാരങ്ങളായിരുന്നു കരിം ബെൻസിമയും വാൽബ്യൂനയും. എന്നാൽ വാൽബ്യൂനയുടെ സെക്സ് ടേപ്പ് ബ്ലാക്ക്മെയിലിങ് വിവാദവുമായി ബന്ധപ്പെട്ട് കൊണ്ട് ബെൻസിമക്ക് നിയമ നടപടികൾ നേരിടേണ്ടി വന്നിരുന്നു. വർഷങ്ങളോളം ഇക്കാരണത്താൽ ബെൻസിമയെ ഫ്രഞ്ച് ടീമിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരുന്നു. ഈയിടെയായിരുന്നു അദ്ദേഹം ഫ്രാൻസ് ടീമിലേക്ക് തിരിച്ചെത്തിയത്.

ഏതായാലും ബെൻസിമയെ കുറിച്ചും ഈ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ ചില കാര്യങ്ങൾ ഇപ്പോൾ വാൽബ്യൂന പങ്കുവെച്ചിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ബെൻസിമ അർഹിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.വാൽബ്യൂനയുടെ വാക്കുകൾ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ വിവാദം എന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ അതെല്ലാം അതിന്റെ അവസാനത്തിലാണ്. ഞാൻ ഇതിന്റെ ഇരയായിട്ട് പോലും എനിക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടമായി. പക്ഷേ ഇനി ചെയ്യാനുള്ള കാര്യം മുന്നോട്ടുപോകുക എന്നുള്ളതാണ്.എനിക്ക് ആരോടും ദേഷ്യമില്ല. സത്യം പറയുകയാണെങ്കിൽ ഈ വർഷത്തെ ബാലൺ ഡി’ ഓർ പുരസ്കാരം ബെൻസിമയാണ് അർഹിക്കുന്നത്. എനിക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം. വിവാദങ്ങളെ കുറിച്ചും സംസാരിക്കാം. പക്ഷേ കളത്തിൽ ഉള്ളതും കളത്തിന് പുറത്തുള്ളതും വെവ്വേറയാണ് ” ഇതാണ് വാൽബ്യൂന പറഞ്ഞത്.

ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു ബെൻസിമ പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ബെൻസിമക്ക് തന്നെയാണ് ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *