പ്രവേശന കവാടം തകർത്തു,മൈതാനത്തേക്ക് ഫ്ലയറുകൾ എറിഞ്ഞു,അയാക്സ്-ഫെയെനൂർദ് മത്സരം സസ്പെൻഡ് ചെയ്തു.

നെതർലാന്റ്സിലെ ചിരവൈരികളായ അയാക്സും ഫെയെനൂർദും തമ്മിലായിരുന്നു ഡച്ച് ലീഗിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നത്. വളരെ മോശം പ്രകടനമാണ് ഇപ്പോൾ അയാക്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ്.അയാക്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഇന്നലത്തെ മത്സരം നടന്നിരുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് അയാക്സ് തോൽവി ഉറപ്പിച്ചിരുന്നു. ഇതോടുകൂടി അവരുടെ ആരാധകർ കുപിതരായി. അവർ മത്സരം അലങ്കോലപ്പെടുത്തുകയായിരുന്നു. മൈതാനത്തേക്ക് ഫ്ലയറുകൾ എറിഞ്ഞു കൊണ്ടാണ് അവർ മത്സരം തടസ്സപ്പെടുത്തിയത്.

ഒരുതവണ മത്സരം നിർത്തിവച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും കൂടുതൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഇതോടുകൂടി റഫറി മത്സരം സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ആരാധകർ കൂട്ടായ്മയായ ഹൂളിഗൻസ് വളരെയധികം ആക്രമണ പ്രവർത്തനങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്.അവർ പ്രവേശന കവാടം പൊളിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആരാധകരെ പിരിച്ചുവിടാൻ പോലീസിന് ടിയർ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്.

ആരാധകരുടെ ഈ മോശം പെരുമാറ്റത്തിൽ അയാക്സ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനത്തിൽ തങ്ങൾക്ക് നിരാശയുണ്ടെന്നും എന്നാൽ ആക്രമണങ്ങൾ നടത്തുന്നത് അനുവദിക്കാനാവില്ലെന്നും അയാക്സ് സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്.അയാക്സ് ആരാധകർക്ക് ഫുട്ബോൾ ലോകത്ത് നിന്നും വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *