താരത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,UCL റഫറിക്ക് പണി കിട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡച്ച് ക്ലബ്ബായ PSV യും പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയാണ് ചെയ്തിട്ടുള്ളത്. ഈ മത്സരത്തിൽ ഫോർത്ത് ഒഫീഷ്യലായി കൊണ്ട് ആദ്യം നിയോഗിച്ചിരുന്നത് ഇറ്റാലിയൻ റഫറിയായ ഫാബിയോ മരസ്ക്കയെയായിരുന്നു.എന്നാൽ ഈ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. അതിന്റെ കാരണം ഒരല്പം വിചിത്രമാണ്.
ഇറ്റാലിയൻ റഫറിയായ ഇദ്ദേഹം കഴിഞ്ഞ ആഴ്ചയിൽ കുവൈത്ത് പ്രീമിയർ ലീഗിൽ ഒരു മത്സരം നിയന്ത്രിച്ചിരുന്നു.അൽ കുവൈത്തും അൽ അറബിയും തമ്മിലായിരുന്നു ആ മത്സരം നടന്നിരുന്നത്.ഈ മത്സരത്തിനിടയിൽ ഈ റഫറി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഖലീദ് അൽ മുർഷിദ്. അടുത്ത തവണ നിന്നെ കണ്ടാൽ ഞാൻ കൊല്ലും എന്നായിരുന്നു ഈ റഫറി തന്നോട് പറഞ്ഞത് എന്നാണ് മുർഷിദ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ റഫറി ഒരു വിശദീകരണം നൽകുകയും ചെയ്തിരുന്നു.
അതായത് തമാശ രൂപേണയാണ് അത് പറഞ്ഞത് എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. പക്ഷേ ഈ വിഷയത്തിൽ ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ ഈ റഫറിക്കെതിരെ നടപടി എടുത്തു കഴിഞ്ഞു.ഒരു മാസത്തെ വിലക്കാണ് വിധിച്ചിട്ടുള്ളത്. ഇറ്റാലിയൻ സിരി എയിലാണ് ഈ വിലക്ക് ബാധകമാവുക.കുവൈത്തിൽ അദ്ദേഹത്തിന് വിലക്കുകൾ ഒന്നും ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അവിടെ മത്സരം നിയന്ത്രിക്കുന്നതിന് നിലവിൽ തടസ്സങ്ങൾ ഒന്നുമില്ല.
43 കാരനായ മരസ്ക്ക 2011 മുതലാണ് റഫറിയിങ്ങിൽ സജീവമാകുന്നത്. കഴിഞ്ഞ ആറ് വർഷമായി യൂറോപ്പ്യൻ മത്സരങ്ങൾ ഇദ്ദേഹം നിയന്ത്രിക്കുന്നുണ്ട്.അദ്ദേഹം തമാശക്ക് പറഞ്ഞതാണെങ്കിലും അത് വലിയ വിവാദമായിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഭാഗമാവാനുള്ള ഒരു അവസരവും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.