ഗോളിലും അസിസ്റ്റിലും ഒന്നാമൻ,എസ്റ്റവായോ ചരിത്രം സൃഷ്ടിക്കുന്നു!

ബ്രസീലിയൻ ലീഗ് അതിന്റെ ഏറ്റവും അവസാനത്തിൽ എത്തിക്കഴിഞ്ഞു. 31 റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. നിലവിൽ ഒന്നാം സ്ഥാനത്ത് ബോട്ടോഫോഗോയാണ്. മൂന്ന് പോയിന്റിന് പിറകിലുള്ള പാൽമിറാസാണ് രണ്ടാം സ്ഥാനത്ത് വരുന്നത്.

ബ്രസീലിയൻ ലീഗിൽ ഈ സീസണിൽ ഏറ്റവും തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ളത് മറ്റാരുമല്ല, ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യനാണ്. കേവലം 17 വയസ്സ് മാത്രമുള്ള ഈ താരമാണ് ഇപ്പോൾ ബ്രസീലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം. കഴിഞ്ഞ മത്സരത്തിൽ പാൽമിറാസിന് വേണ്ടി താരം ഒരു ഗോൾ നേടിയിരുന്നു. ഇതോടെ ലീഗിൽ 11 ഗോളുകൾ പൂർത്തിയാക്കിയ താരം തന്നെയാണ് ടോപ്പ് സ്കോറർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

ഇതിന് പുറമേ 8 അസിസ്റ്റുകൾ കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും വില്യൻ തന്നെയാണ്. ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരവും വില്യനാണ്. 19 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. ചുരുക്കത്തിൽ 17 കാരനായ ഒരു താരം ബ്രസീലിയൻ ലീഗ് അടക്കി ഭരിക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഇപ്പോൾതന്നെ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത സീസണിൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് കളിക്കുക.ചെൽസി അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,വിനീഷ്യസ് ജൂനിയർ എന്നിവരെപ്പോലെ വില്യനും ഫുട്ബോൾ ലോകത്തെ വലിയ ഇമ്പാക്ട് സൃഷ്ടിക്കും എന്നാണ് ബ്രസീലിയൻ ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിനോടകം തന്നെ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്താൻ സാധിച്ചിട്ടുള്ള താരം കൂടിയാണ് എസ്റ്റവായോ വില്യൻ.

Leave a Reply

Your email address will not be published. Required fields are marked *