ഗോളടിച്ച് ടെവസ്, ബൊക്കാ ജൂനിയേഴ്സിന് കിരീടം

അർജൻ്റൈൻ ഫുട്ബോൾ ലീഗായ സൂപ്പർലീഗ അർജൻ്റീനയിൽ ബൊക്കാ ജൂനിയേഴ്സിന് കിരീടം. ഇന്ന് പുലർച്ചെ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ജിംനാസിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. കളിയുടെ എഴുത്തിരണ്ടാം മിനുട്ടിൽ സൂപ്പർ താരം കാർലോസ് ടെവെസാണ് അവരുടെ വിജയഗോൾ നേടിയത്.

ലീഗിൻ്റെ അവസാന റൗണ്ട് വരെ മുന്നിട്ട് നിന്നിരുന്ന റിവർ പ്ലേറ്റ് അവസാന മത്സരത്തിൽ അത്ലറ്റിക്കോ ടുകുമാനോട് സമനിലയിൽ കുരുങ്ങിയതും റിവർപ്ലേറ്റിന് തുണയായി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ റിവർ പ്ലേറ്റിനായി മാത്യസ് സുവാരസും അത്ലറ്റിക്കോ ടുകുമാന് വേണ്ടി ഹാവിയർ ടോളെഡോയുമാണ് ഗോളുകൾ നേടിയത്.

ലീഗ് ടേബിളിൽ ഒറ്റ പോയിൻ്റിൻ്റെ വ്യത്യാസത്തിലാണ് ബൊക്കാ ജൂനിയേഴ്സ് ചാമ്പ്യന്മാരായിരിക്കുന്നത്. 23 മത്സരങ്ങളിൽ നിന്നും ബൊക്കാ ജൂനിയേഴ്സ് 48 പോയിൻ്റുകൾ നേടിയപ്പോൾ ഇത്രയും മത്സരങ്ങളിൽ 47 പോയിൻ്റുകളാണ് റിവർ പ്ലേറ്റ് നേടിയത്. ബൊക്കാ ജൂനിയേഴ്സിൻ്റെ മുപ്പത്തിനാലാം ലീഗ് കിരീടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *