ഖത്തർ വേൾഡ് കപ്പിലെ കിരീടഫേവറേറ്റുകൾ ആരൊക്കെ? മത്തേവൂസിന് പറയാനുള്ളത്!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ കിരീടം ചൂടാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം.നിലവിലെ താരങ്ങളും മുൻ താരങ്ങളും ആരാധകരും ഫുട്ബോൾ നിരീക്ഷകരുമൊക്കെ ഇതേക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ഫ്രാൻസ്, ബ്രസീൽ, അർജന്റീന എന്നീ ടീമുകൾക്കൊക്കെയാണ് പലരും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

ഏതായാലും ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസ് തന്റെ കിരീട ഫേവറേറ്റ്കളെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. രസകരമായ കാര്യം എന്തെന്നാൽ ഒട്ടു മിക്ക പ്രമുഖ ടീമുകൾക്കും ഇദ്ദേഹം സാധ്യത കൽപ്പിക്കുന്നു എന്നുള്ളതാണ്.ബ്രസീൽ,ഫ്രാൻസ് എന്നീ ടീമുകളെയാണ് ഇദ്ദേഹം ആദ്യം പരാമർശിച്ചിട്ടുള്ളത്.മത്തേവൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീൽ കിരീട ഫേവറേറ്റ്കളിൽ പെട്ട ഒരു ടീമാണ്. അവരുടെ ക്വാളിഫിക്കേഷൻ മത്സരങ്ങൾ മികച്ചതായിരുന്നു. രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവർ പോയിന്റ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഫ്രാൻസിനും മികച്ച ടീമുണ്ട്.എംബപ്പേയെ കൂടാതെ തന്നെ അവർക്ക് ഒരുപാട് മികച്ച താരങ്ങളുണ്ട്. മൂന്ന് ഫസ്റ്റ് ഇലവനുകൾ ഉണ്ടാക്കാൻ കെൽപ്പുള്ള, അത്രയും ഡെപ്ത്തുള്ള ഒരു സ്‌ക്വാഡാണ് അവരുടേത് “.

” കൂടാതെ ഇംഗ്ലണ്ടിനും ഒരുപാട് സൂപ്പർതാരങ്ങളുണ്ട്. അവർ കഴിഞ്ഞ മത്സരത്തിൽ ഹങ്കറിയോട് പരാജയപ്പെട്ടെങ്കിലും അവർ മികച്ച ടീം തന്നെയാണ്.ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് മാത്രമാണ് അവർക്ക് പ്രശ്നങ്ങൾ ഉള്ളത്. ബാക്കി എല്ലാ പൊസിഷനുകളിൽ മികച്ച താരങ്ങൾ അവർക്കുണ്ട്.സ്പെയിൻ,പോർച്ചുഗൽ,അർജന്റീന എന്നിവരൊക്കെ വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളാണ് “.

” ജർമ്മനിയും ഒരു മികച്ച ടീമാണ്. കഴിഞ്ഞ തവണ അവർ ഗ്രൂപ്പിൽ തന്നെ തകർന്നടിഞ്ഞു എന്നുള്ളത് ശരിയാണ്. പക്ഷേ നിലവിൽ അവർ കിരീട ഫേവറേറ്റ്കൾ തന്നെയാണ്.ഹാൻസി ഫ്ലിക്ക് വളരെ മികച്ച രൂപത്തിലാണ് ഇപ്പോൾ ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത് ” ഇതാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്.

ജർമ്മനിക്കൊപ്പം വേൾഡ് കപ്പ് കിരീടം ചൂടിയ താരമാണ് മത്തേവൂസ്. മാത്രമല്ല ഒരു ബാലൺ ഡി’ഓർ പുരസ്കാരവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *