ക്രിസ്റ്റ്യാനോ ബുദ്ധിമുട്ടുണ്ടാക്കുന്ന സഹതാരമോ?ചിച്ചാരിറ്റോ പറയുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ചിച്ചാരിറ്റോ എന്നറിയപ്പെടുന്ന ഹവിയർ ഹർണാണ്ടസ്. 2014 -15 സീസണിലായിരുന്നു റയൽ മാഡ്രിഡിൽ വെച്ചുകൊണ്ട് ഈ രണ്ടുപേരും ഒരുമിച്ച് കളിച്ചിരുന്നത്. ആ സീസണിൽ തന്നെയായിരുന്നു ക്രിസ്റ്റ്യാനോ 61 ഗോളുകൾ നേടിയിരുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ഈ മെക്സിക്കൻ താരം റയൽ മാഡ്രിഡിൽ എത്തിയിരുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഇദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ ഒരിക്കലും ബുദ്ധിമുട്ടുണ്ടാക്കുന്ന സഹതാരമോ അതല്ലെങ്കിൽ സങ്കീർണമായ ഒരു വ്യക്തിയോ അല്ല എന്നാണ് ഹെർണാണ്ടസ് പറഞ്ഞിട്ടുള്ളത്. പെരുമാറ്റം കൊണ്ടും മറ്റു കാര്യങ്ങൾ കൊണ്ടും റൊണാൾഡോ ഒരു മികച്ച വ്യക്തിയാണെന്നും ഹെർണാണ്ടസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ആദ്യത്തെ ആറുമാസങ്ങൾ സങ്കീർണമായിരുന്നു. കാരണം പരിക്കു മൂലം എനിക്ക് അധികമൊന്നും കളിക്കാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ പിന്നീടുള്ള മാസങ്ങൾ അസാധാരണവും അതുല്യവുമായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക്കർ റൂമിനകത്ത് മികച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം മികച്ച രീതിയിലായിരുന്നു. റൊണാൾഡോ ബുദ്ധിമുട്ടുണ്ടാക്കുന്ന അതല്ലെങ്കിൽ സങ്കീർണ്ണമായ ഒരു സഹതാരമാണ് എന്ന് പറയുന്ന ഒരൊറ്റ താരത്തെയും ഞാൻ കണ്ടിട്ടില്ല. റൊണാൾഡോയുടെ പേഴ്സണാലിറ്റിയും പോരാട്ട വീര്യവുമെല്ലാം നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ” ഇതാണ് ഹവിയർ ഹെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

38 കാരനായ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. സൗദി ലീഗിൽ 10 ഗോളുകളും 5 അസിസ്റ്റുകളും താരം ഈ സീസണിൽ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. അതേസമയം അമേരിക്കൻ ക്ലബ്ബായ LA ഗാലക്സിക്ക് വേണ്ടിയാണ് ഹെർണാണ്ടസ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *