ക്യാപ്റ്റൻ ആം ബാൻഡ് കൈമാറിയത് എന്തുകൊണ്ട്? വിജയ ശില്പിയായശേഷം സിൽവ പറയുന്നു!
കോപ ലിബർട്ടഡോറസിൽ നടന്ന ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഗ്രിമിയോ ഫ്ലുമിനൻസിനെ പരാജയപ്പെടുത്തിയിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. എന്നാൽ ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ ഫ്ലൂമിനൻസ് തിരിച്ചടിച്ചു. ഒന്നിനെതിരെ 2 ഗോളുകൾക്ക് തന്നെയാണ് ഇവർ വിജയിച്ചിട്ടുള്ളത്. ഇതോടെ അഗ്രിഗേറ്റ് സ്കോർ 3-3 എന്ന നിലയിലായി. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്ലൂമിനൻസ് വിജയിക്കുകയും കോപ ലിബർട്ടഡോറസിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
ഇന്നലത്തെ മത്സരത്തിൽ ഫ്ലൂമിനൻസിന്റെ വിജയ ശിൽപ്പിയായത് ക്യാപ്റ്റൻ തിയാഗോ സിൽവ തന്നെയാണ്.ടീമിന്റെ ആദ്യ ഗോൾ നേടിയത് അദ്ദേഹമാണ്.തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു പെനാൽറ്റി താരം എടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു. അങ്ങനെ ഈ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മറ്റൊരു ബ്രസീലിയൻ സൂപ്പർ താരമായ ഫെലിപെ മെലോ കളിക്കളത്തിലേക്ക് എത്തിയത്. ആ സമയത്ത് തിയാഗോ സിൽവ ക്യാപ്റ്റന്റെ ആം ബാൻഡ് അദ്ദേഹത്തിന് കൈമാറുകയായിരുന്നു. കളിക്കളത്തിൽ തുടർന്നിട്ടും എന്തുകൊണ്ടാണ് മെലോക്ക് ആം ബാൻഡ് നൽകിയത് എന്നതിനുള്ള മറുപടി സിൽവ ഇപ്പോൾ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ ടീമിന്റെ ക്യാപ്റ്റൻ ഫെലിപെ മെലോയാണ്. അദ്ദേഹം കുറച്ചായി കളിച്ചിട്ട്.പക്ഷേ അദ്ദേഹം ഇന്ന് തിരികെ എത്തി. ഞങ്ങളുടെ ക്യാപ്റ്റൻ അദ്ദേഹമായതുകൊണ്ട് തന്നെ അദ്ദേഹത്തിന് നൽകുന്നതാണ് അതിന്റെ ശരി.ടീമിന്റെ ലീഡർമാരിൽ ഒരാൾ മാത്രമാണ് ഞാൻ.ഞാൻ ഇവിടേക്ക് വന്നിട്ടുള്ളത് സഹായിക്കാൻ വേണ്ടിയാണ്.ആരുടെയും സ്ഥാനം തട്ടിയെടുക്കാൻ വേണ്ടിയല്ല ഞാൻ ഇവിടേക്ക് വന്നിട്ടുള്ളത്. എന്റെ അവസാന വർഷങ്ങൾ ഈ ഗ്രൂപ്പിനോടൊപ്പം ആസ്വദിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.ഇതൊരു വിന്നിങ് ഗ്രൂപ്പാണ്. അത് ഞങ്ങൾ ഇനിയും തുടരേണ്ടതുണ്ട് “ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഇതുവരെ വളരെ മോശം പ്രകടനമായിരുന്നു ഫ്ലുമിനൻസ് നടത്തിയിരുന്നത്.പക്ഷേ തിയാഗോ സിൽവ വന്നതോടുകൂടി കളി മാറി.അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടാനും ക്ലീൻ ഷീറ്റ് നേടാനും അവർക്ക് കഴിഞ്ഞു. ഏറെക്കാലത്തിനുശേഷമായിരുന്നു അവർ വിജയവും ഷീറ്റും സ്വന്തമാക്കിയിരുന്നത്. സിൽവ കളിച്ച എട്ടുമത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കാൻ ഫ്ലൂമിനൻസിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.