കൊറോണ: ഹൃദയത്തിൽ തൊട്ട സന്ദേശവുമായി റൊണാൾഡോ

ലോകം മുഴുവനും കൊറോണ ഭീതിയിൽ നിലനിൽക്കെ ഹൃദയത്തിൽ തൊട്ട സന്ദേശവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം കുറിച്ച വാചകങ്ങളിപ്പോൾ ഫുട്ബോൾ ലോകത്തിന് കരുത്തേകിയിരിക്കുകയാണ്. കൊറോണക്കെതിരെ ജാഗ്രത പുലർത്താനും അതോടൊപ്പം തന്നെ കൊറോണക്കെതിരെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും തന്റെ സഹതാരങ്ങൾക്കും പൂർണ്ണപിന്തുണ അർപ്പിച്ചു കൊണ്ടുമായിരുന്നു റൊണാൾഡോയുടെ സന്ദേശം.

” ലോകം ഏറ്റവും പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. എല്ലാവരും ജാഗ്രത പുലർത്തേണ്ട സമയവുമാണിത്. ഞാനിന്ന് സംസാരിക്കുന്നത് ഒരു ഫുട്ബോൾ താരം എന്ന നിലയിലല്ല, മറിച്ച് ഒരു അച്ഛൻ എന്ന നിലയിൽ, ഒരു മകനെന്ന നിലയിൽ, ഒരു മനുഷ്യനെന്ന നിലയിലാണ്. ഈ സംഭവവികാസങ്ങൾ ലോകത്തെ മുഴുവനും ബാധിച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥകളെ തരണം ചെയ്യാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഉപദേശനിർദ്ദേശങ്ങൾ പാലിക്കണം.മറ്റേത് കാര്യത്തിനേക്കാളും മനുഷ്യജീവനെ സംരക്ഷിക്കാനാണ് ഇപ്പോൾ നാം മുൻഗണന നൽകേണ്ടത് ” ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചു.

” ഇതിൽ ഉറ്റവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ഈ വൈറസിനെതിരെ പോരാടുന്ന എല്ലവർക്കും എന്റെ പിന്തുണ അറിയിക്കുന്നു. എന്റെ സഹതാരം ഡാനിയേല റുഗാനിക്കും സ്വന്തം ജീവൻ പണയം വെച്ച് ഇതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും എന്റെ ഐകദാർഢ്യവും പിന്തുണയും അറിയിക്കുന്നു ” ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *