ഏറ്റവും കൂടുതൽ ബാലൺ ഡിയോറുകൾ, റയലിനെ പിന്തള്ളി ബാഴ്സ ഒന്നാമത്
ഏറ്റവും കൂടുതൽ ബാലൺ ഡിയോറുകൾ നേടിയ ടീം എന്ന ഖ്യാതിയിപ്പോൾ ബാഴ്സക്ക് സ്വന്തമാണ്. ചിരവൈരികളായ റയൽ മാഡ്രിഡിനെ പിന്തള്ളി കൊണ്ടാണ് ഏറ്റവും കൂടുതൽ ബാലൺ ഡിയോറുകൾ നേടിയ ടീം എന്ന നേട്ടം ബാഴ്സ നിലനിർത്തികൊണ്ടുപോരുന്നത്. നിലവിൽ പന്ത്രണ്ട് ബാലൺ ഡിയോറുകളാണ് ബാഴ്സ നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി നേടിയ ആറ് ബാലൺ ഡിയോറുകളാണ് ബാഴ്സയെ ഈ ലിസ്റ്റിൽ തലപ്പത്തെത്താൻ സഹായിച്ചത്. രണ്ടാമതുള്ള റയൽ മാഡ്രിഡിനാവട്ടെ പതിനൊന്ന് ബാലൺ ഡിയോറുകളാണ് സ്വന്തമായിയുള്ളത്. റയലിൽ വെച്ച് നാല് ബാലൺ ഡിയോർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് റയലിൽ ഏറ്റവും കൂടുതൽ ബാലൺ ഡിയോർ നേടിയ താരം. അവസാനമായി ലുക്കാ മോഡ്രിച്ചാണ് റയലിന് ബാലൺ ഡിയോർ നേടിക്കൊടുത്തത്.
എട്ട് ബാലൺ ഡിയോറുകളുമായി എസി മിലാനാണ് മൂന്നാമതുള്ളത്. മൂന്ന് തവണ നേടിയ വാൻ ബേസ്റ്റനാണ് മിലാനിൽ ഏറ്റവും കൂടുതൽ നേടിയ താരം. അവസാനമായി കക്കയാണ് എസി മിലാന് ബാലൺ ഡിയോർ നേടിക്കൊടുത്തത്. എട്ട് ബാലൺ ഡിയോറുമായി യുവന്റസ് നാലാമതുണ്ട്. മൂന്ന് തവണ നേടിയ പ്ലാറ്റിനിയാണ് യുവന്റസിൽ ഏറ്റവും കൂടുതൽ നേടിയ താരം. അവസാനമായി നെദ്വേദ് ആണ് യുവന്റസിന് വേണ്ടി ബാലൺ ഡിയോർ നേടിയത്. അഞ്ചെണ്ണവുമായി ബയേൺ ആണ് അഞ്ചാം സ്ഥാനത്ത്. ബെക്കൻബോർ, റുമ്മേനിഗേ എന്നിവർ രണ്ടെണ്ണം വീതം ബയേണിൽ വെച്ച് നേടിയിട്ടുണ്ട്.