ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ അഞ്ച് താരങ്ങൾ ഇവരാണ്

ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും കൂടുതൽ ആനന്ദം സമ്മാനിക്കുന്ന നിമിഷങ്ങൾ തന്റെ പ്രിയപ്പെട്ട ക്ലബ് കിരീടം നേടുമ്പോഴാണ്. എന്നാൽ മുപ്പതിൽ പരം കിരീടങ്ങൾ തന്റെ സ്വന്തം ടീമുകൾക്കൊപ്പം നേടാൻ ഭാഗ്യം ലഭിച്ച താരങ്ങൾ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഉണ്ട്. യൂറോപ്പിൽ ടോപ് ഫൈവ് ലീഗുകളിൽ കളിച്ച് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ അഞ്ച് താരങ്ങളെയാണ് ഇവിടെ പരാജയപ്പെടുത്തുന്നത്. ഓരോ വർഷവും ടോപ് ഫൈവ് ലീഗിലെ ക്ലബിന് ആറു കിരീടങ്ങൾ നേടാനെങ്കിലും അവസരമുണ്ട്. ഇങ്ങനെ ഒരു സീസണിൽ തന്നെ ആറു കിരീടങ്ങളും നേടിയ ഒരേയൊരു ക്ലബ് പെപ് ഗ്വാർഡിയോളയുടെ എഫ്സി ബാഴ്സലോണയാണ്. നാല് വർഷം കൊണ്ട് പതിനാല് കിരീടങ്ങൾ ആയിരുന്നു പെപ്പിന് കീഴിൽ അന്ന് ബാഴ്സ നേടിയത്. അന്ന് ബാഴ്‌സയിൽ ഉണ്ടായിരുന്ന മൂന്ന് താരങ്ങൾ ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. യഥാക്രമം ഒന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത് ഡാനി ആൽവെസ്, ആന്ദ്രേസ് ഇനിയേസ്റ്റ, മാക്‌സ്‌വെൽ, ജെറാർഡ് പിക്വെ, റയാൻ ഗിഗ്‌സ് എന്നിവരാണ്. അതേ സമയം സൂപ്പർ താരം ലയണൽ മെസ്സി ആറാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനത്തുള്ള ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസ് ഇതുവരെ നേടിയത് നാല്പത് കിരീടങ്ങൾ ആണ്. ബ്രസീൽ, ബാഴ്സലോണ, യുവന്റസ്, പിഎസ്ജി എന്നീ ടീമുകൾക്കൊപ്പമാണ് ഡാനി നാല്പത് കിരീടങ്ങൾ സ്വന്തമാക്കിയത്. 2008-ൽ ബാഴ്സയിൽ എത്തിയ താരം മൂന്ന് ചാമ്പ്യൻസ് ലീഗുകൾ ബാഴ്സയ്ക്കൊപ്പം നേടിയിട്ടുണ്ട്. കൂടാതെ ബാഴ്സ, യുവന്റസ്, പിഎസ്ജി എന്നിവർക്കൊപ്പം ലീഗ് കിരീടങ്ങളും നേടി. ഒടുവിൽ കഴിഞ്ഞ വർഷം ബ്രസീലിനൊപ്പം കോപ്പ അമേരിക്കയും നേടി ലിസ്റ്റിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി. രണ്ടാം സ്ഥാനത്തുള്ളത് മുൻ ബാഴ്സ താരമായിരുന്ന ഇനിയേസ്റ്റയാണ്. സ്പെയിനിനൊപ്പം വേൾഡ് കപ്പും യുറോ കപ്പും നേടിയ താരം ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ അനവധി കിരീടങ്ങളും നേടി. നിലവിൽ ജപ്പാനിൽ കളിക്കുന്ന താരത്തിന്റെ ആകെ കിരീടനേട്ടം മുപ്പത്തിയേഴ് ആണ്.

മൂന്നാമത്തെ താരം ബ്രസീലിന്റെ മാക്‌സ്‌വെൽ ആണ്. പലർക്കും പരിചിതമല്ലാത്ത നാമമാണ് മാക്‌സ്‌വെൽ എങ്കിലും 37 കിരീടങ്ങൾ ആണ് താരം യൂറോപ്പിലെ പ്രമുഖടീമുകൾക്കൊപ്പം നേടിയിട്ടുള്ളത്. അയാക്സ്, ഇന്റർമിലാൻ, ബാഴ്സലോണ, പിഎസ്ജി എന്നീ പ്രമുഖർക്കൊപ്പമാണ് ഈ ബ്രസീലിയൻ താരം ഇത്രയധികം കിരീടങ്ങൾ വാരിക്കൂട്ടിയത്. രണ്ട് ലാലിഗ, നാല് ലീഗ് വൺ, മൂന്ന് സിരി എ, എന്നിവയൊക്കെ താരത്തിന്റെ കിരീടശേഖരത്തിൽ ഉണ്ട്. നാലാമതുള്ളത് ബാഴ്സയുടെ സ്പാനിഷ് താരം ജെറാർഡ് പിക്വെയാണ്. 35 കിരീടങ്ങൾ ആണ് താരത്തിന്റെ സമ്പാദ്യം. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ലീഗ് കപ്പ് എന്നിവ നേടിയ താരം ബാഴ്സയ്ക്കൊപ്പവും സ്പെയിനിനൊപ്പവും നിരവധി കിരീടങ്ങൾ നേടി. അഞ്ചാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റയാൻ ഗിഗ്‌സ് ആണ്. 35 കിരീടങ്ങൾ ആണ് താരത്തിന്റെ സമ്പാദ്യം. ഈ ലിസ്റ്റിൽ ബാഴ്സക്ക് വേണ്ടി കളിക്കാത്ത ഒരേയൊരു താരം ഗിഗ്‌സ് ആണ്. യുണൈറ്റഡിൽ 24 വർഷം ചിലവഴിച്ച താരം പതിമൂന്ന് പ്രീമിയർ ലീഗും രണ്ട് ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *