എന്ത്കൊണ്ടാണ് മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവുന്നത്? ജെറാർഡ് പറയുന്നു!

ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നുള്ളത് അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്. ഓരോ വ്യക്തികൾക്കും അവരുടേതായ അഭിപ്രായങ്ങൾ ഈ വിഷയത്തിലുണ്ടാവും. പക്ഷേ പലർക്കും സ്വപ്നം കാണാവുന്നതിലുമപ്പുറമുള്ള നേട്ടങ്ങൾ ഇരുവരും കരസ്ഥമാക്കിയിട്ടുണ്ട് എന്നുള്ള കാര്യത്തിൽ സംശയമില്ല.

എന്നാൽ ലിവർപൂൾ ഇതിഹാസവും നിലവിലെ ആസ്റ്റൻ വില്ല പരിശീലകനുമായ സ്റ്റീവൻ ജെറാർഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കുന്നത് ലയണൽ മെസ്സിയെയാണ്.മെസ്സി കൂടുതൽ ടീം പ്ലയെറാണ് എന്നാണ് ജെറാർഡ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസം ഗാരി നെവില്ലയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെറാർഡ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയും ക്രിസ്റ്റ്യാനോയും എന്റെ കാലഘട്ടത്തിൽ കളിച്ചവരാണ്. ഈ രണ്ടു പേരെയും പോലെ ഇനി ആരെങ്കിലും ഉണ്ടാവുമോ എന്നുള്ളത് എനിക്ക് സംശയമാണ്.അവർ രണ്ടുപേരും എനിക്ക് വളരെ വ്യത്യസ്തരാണ്.പെലെയും മറഡോണയും ഇതുപോലെയായിരുന്നു. അവർക്ക് ശേഷം രണ്ട് വ്യത്യസ്ത ഗ്രഹങ്ങളിൽ നിന്നാണ് മെസ്സിയും റൊണാൾഡോയും വരുന്നത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മെസ്സി കൂടുതൽ ടീം പ്ലയെറാണ്. നല്ല രൂപത്തിൽ ഗോളുകൾ നേടുകയും പാസുകൾ നൽകുകയും ചെയ്യുന്നു. വ്യക്തിഗത മികവിന്റെ കാര്യമെടുത്തു പരിശോധിച്ചാലും മെസ്സിയാണ് മുന്നിട്ടുനിൽക്കുന്നത്” ഇതാണ് ജെറാർഡ് പറഞ്ഞിട്ടുള്ളത്.

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് മെസ്സിയും റൊണാൾഡോയും യോഗ്യത നേടിയിട്ടുണ്ട്. ഇരുവരുടേയും അവസാനത്തെ വേൾഡ് കപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *