ഇനിയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടണം : ലക്ഷ്യം വ്യക്തമാക്കി കിലിയൻ എംബപ്പേ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ഗ്ലോബെ സോക്കർ അവാർഡ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേ സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് എംബപ്പേ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ബയേണിന്റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട്‌ ലെവന്റോസ്ക്കിയായിരുന്നു ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നത്. ദുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ എംബപ്പേ ഇത് കൈപ്പറ്റുകയും ചെയ്തു.

ഏതായാലും ഈ പുരസ്‌കാരം നേടിയതിന് ശേഷം തന്റെ ലക്ഷ്യങ്ങളെ കുറിച്ച് എംബപ്പേ മനസ്സ് തുറന്നിട്ടുണ്ട്.താനൊരിക്കലും പിറകോട്ട് നോക്കാറില്ലെന്നും ഇനിയും പുരസ്‌കാരങ്ങൾ വാരികൂട്ടുക എന്നുള്ളത് മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് ഇപ്പോൾ എംബപ്പേ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇനിയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ക്ലബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും മികച്ച ടീമുകളിൽ കളിക്കാൻ സാധിക്കുന്ന ഒരു ഭാഗ്യവാനായ വ്യക്തിയാണ് ഞാൻ.പക്ഷേ ഞാനൊരിക്കലും പിറകോട്ട് നോക്കാറില്ല.ഞാൻ നേടിയതിനെ കുറിച്ച് ഞാൻ ചിന്തിക്കാറുമില്ല. മറിച്ച് കൂടുതൽ പുരസ്‌കാരങ്ങൾ വാരി കൂട്ടുക എന്നുള്ളതാണ് എന്റെ ഒരേയൊരു ലക്ഷ്യം.ഫുട്ബോൾ ലോകത്തേക്ക് നോക്കിയാൽ ഒരു മികച്ച താരങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും. അത്കൊണ്ട് തന്നെ നിങ്ങൾ അശ്രദ്ധരായാൽ അവർ ഈ നേട്ടങ്ങൾ നിങ്ങളിൽ നിന്നും കൈക്കലാക്കും.ഫുട്ബോളിൽ ഒരു ചരിത്രം രചിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഈ പുരസ്‌കാരം നേടാനായത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.എന്റെ ക്ലബ്ബിനും സഹതാരങ്ങൾക്കും കുടുംബത്തിനും ഞാൻ നന്ദി പറയുന്നു ” എംബപ്പേ പറഞ്ഞു.

ഈ സീസണിലും മികച്ച ഫോമിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്.ലീഗ് വണ്ണിൽ 9 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *