അത്ഭുതപ്പെടുത്തി ബ്രസീലിയൻ വണ്ടർ കിഡ്,നോട്ടമിട്ട് വമ്പൻ ക്ലബുകൾ!
ബ്രസീലിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു ടൂർണമെന്റാണ് കോപിഞ്ഞ. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ,കക്ക, ഗബ്രിയേൽ ജീസസ് എന്നിവരൊക്കെ ഈ ടൂർണമെന്റിലൂടെ വളർന്നു വന്നവരാണ്.ഇപ്പോഴിതാ ഈ സീസണിൽ മറ്റൊരു വണ്ടർ കിഡ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പാൽമിറാസിന്റെ 15-കാരനായ എൻഡ്രിക്കാണ് ഇപ്പോൾ ബ്രസീലിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം.ടൂർണമെന്റിൽ ക്ലബ്ബിനെ കിരീടത്തിലേക്ക് എത്തിച്ചതിന് ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി ആരാധകർ തിരഞ്ഞെടുത്തത് എൻഡ്രിക്കിനെയാണ്.ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.ഇതിൽ പല ഗോളുകളും ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
15-year-old Endrick is being pursued by Europe's elite clubs after dominating in the U20s Copinha tournament 🤩
— GOAL News (@GoalNews) January 28, 2022
The competition has propelled the likes of Kaka, Gabriel Jesus and Vinicius Jr to stardom ⭐️
2016-ൽ തന്റെ പത്താം വയസ്സിലാണ് എൻഡ്രിക്ക് പാൽമിറാസിൽ എത്തുന്നത്. അഞ്ച് വർഷത്തിനിടെ പാൽമിറാസിന് വേണ്ടി 170-ൽ പരം ഗോളുകൾ ഈ വണ്ടർ കിഡ് നേടിയിട്ടുണ്ട്.പാൽമിറാസിന്റെ അണ്ടർ 17 ടീമിന് വേണ്ടി പതിനാലാം വയസ്സിലാണ് താരം അരങ്ങേറിയത്.കഴിഞ്ഞ സീസണിൽ താരം പാൽമിറാസിന്റെ അണ്ടർ 15,അണ്ടർ 17,അണ്ടർ 20 ടീമുകൾക്ക് വേണ്ടി കളിച്ചു. ആദ്യമായാണ് ഒരു താരം ഒരു സീസണിൽ ഈ മൂന്ന് ടീമുകൾക്ക് വേണ്ടിയും കളിക്കുന്നത്.ഇതോടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവനും താരത്തിലേക്ക് തിരിഞ്ഞു.
എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി എന്നിവരെല്ലാം താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.45 മില്യൺ യുറോയാണ് താരത്തിന് ചിലവ് വരുക എന്നാണ് അറിയാൻ കഴിയുന്നത്.എന്നാൽ താര ത്തിന്റെ റിലീസ് ക്ലോസ് ഉയർത്താനുള്ള ശ്രമങ്ങളും പാൽമിറാസ് നടത്തുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊണാൾഡോ നസാരിയോയുമാണ് തന്റെ ഇഷ്ടതാരങ്ങളെന്ന് എൻഡ്രിക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.ഏതായാലും ഈ വണ്ടർ കിഡ് പൊന്നും വിലക്ക് യൂറോപ്പിലെത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല