ഹാലണ്ട് ബാഴ്സയിലേക്ക്? പ്രതികരണമറിയിച്ച് താരത്തിന്റെ ഏജന്റ് !

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ എമിലി റൂസാദിന്റെ ഉപദേശകനും മുൻ ഏജന്റുമായ ജോസെപ് മരിയ മിങ്കേല ഒരു പ്രസ്താവന നടത്തിയത്. തങ്ങൾ വിജയിക്കുകയാണെങ്കിൽ എർലിങ് ഹാലണ്ടിനെ ബാഴ്‌സയിൽ എത്തിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ദാനം. അതിനുള്ള ഒരുക്കങ്ങൾ തങ്ങൾ തുടങ്ങിയതായി ഇദ്ദേഹം സ്പാനിഷ് മാധ്യമമായ എഎസിനോട് റിപ്പോർട്ട്‌ പറഞ്ഞിരുന്നു. ഇതോടെ ബാഴ്‌സ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്തെന്നാൽ മറഡോണ, മെസ്സി എന്നിവർ ബാഴ്സയിൽ എത്താൻ കാരണക്കാരൻ ഈ മിങ്കേലയായിരുന്നു. എന്നാൽ ഇതിനെ പാടെ തള്ളിയിരിക്കുകയാണ് ഹാലണ്ടിന്റെ ഏജന്റ് ആയ മിനോ റയോള. കഴിഞ്ഞ ദിവസം സ്പോട്ട് വണ്ണിനോട്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അത്‌ വ്യാജമാണ് എന്നാണ് ഹാലണ്ടിന്റെ ഏജന്റ് അറിയിച്ചത്.

” അത്‌ വ്യാജ വാർത്തയാണ്. ഞാൻ ഹാലണ്ടുമായി ബന്ധപ്പെട്ടോ അതല്ലെങ്കിൽ എന്റെ മറ്റു താരങ്ങളുമായി ബന്ധപ്പെട്ടോ ഇതുവരെ ഒരൊറ്റ ബാഴ്സലോണ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയോടും സംസാരിച്ചിട്ടില്ല. ഞാൻ അത്‌ ചെയ്യുകയുമില്ല. ഈ ജനുവരിയിൽ ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വേണമെങ്കിൽ ആ വ്യക്തിക്ക്‌ എന്നെ വിളിക്കാം. അതിന് മുമ്പ് ഞാൻ ആരോടും സംസാരിക്കുകയില്ല ” ഇതാണ് റയോള അഭിമുഖത്തിൽ പറഞ്ഞത്. നിലവിൽ മിന്നും പ്രകടനമാണ് ബൊറൂസിയക്ക്‌ വേണ്ടി ഈ യുവതാരം കാഴ്ച്ചവെക്കുന്നത്. ഇതോടെ യൂറോപ്യൻ വമ്പൻമാർ എല്ലാം തന്നെ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ്. റയൽ മാഡ്രിഡ്‌, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെല്ലാം തന്നെ താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ആരുമായിട്ടും ഇതുവരെ സംസാരിച്ചിട്ടില്ല എന്ന് തന്നെ റയോള വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *