സ്പാനിഷ് സൂപ്പർ താരത്തിന് സൗദിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഓഫർ,പക്ഷെ ഫലം കണ്ടില്ല!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതോടുകൂടി സൗദി അറേബ്യൻ പ്രോ ലീഗ് കൂടുതൽ ജനശ്രദ്ധയാകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സൂപ്പർ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ മറ്റു സൗദി ക്ലബ്ബുകൾ നടത്തുന്നുണ്ട്. റൊണാൾഡോ എത്തിയതോടുകൂടി മറ്റു സൂപ്പർ താരങ്ങളെ എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷകളാണ് സൗദി ക്ലബ്ബുകൾ വെച്ച് പുലർത്തുന്നത്.

റയൽ സോസിഡാഡിന്റെ സ്പാനിഷ് സൂപ്പർ താരമായ ഡേവിഡ് സിൽവയുടെ കോൺട്രാക്ട് ഈ സീസണോടു കൂടിയാണ് അവസാനിക്കുക. 37 കാരനായ താരത്തിന്റെ കരാർ ഇതുവരെ പുതുക്കിയിട്ടില്ല.പുതുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അല്ലാത്തപക്ഷം അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടേക്കും.

2008 മുതൽ 2011 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഗാരി കൂക്ക്. അദ്ദേഹം ഇപ്പോൾ സൗദി അറേബ്യൻ പ്രോ ലീഗിന്റെ CEO ആണ്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് ഡേവിഡ് സിൽവ. ഈ ബന്ധം വെച്ചുകൊണ്ട് സിൽവയെ ഗാരി കുക്ക് സൗദി അറേബ്യൻ ലീഗിലേക്ക് ക്ഷണിച്ചിരുന്നു.ലീഗിലെ ഒരു ക്ലബ്ബ് കണ്ണഞ്ചിപ്പിക്കുന്ന ഓഫർ ഡേവിഡ് സിൽവക്ക് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ സിൽവ ആ ഓഫർ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.Relevo എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സ്പെയിനിൽ തന്നെ തുടരാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.താരത്തിന്റെ കുടുംബമൊക്കെ സ്പെയിനിൽ സെറ്റിലായതിനാൽ അവിടെ നിന്നൊരു നീക്കം അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ഇപ്പോഴും ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നുണ്ട്.ഈ സീസണിൽ 1350 മിനിട്ടുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ടു ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *