സുവാരസ് ലാലിഗയിൽ തുടരും, ചേക്കേറുന്നത് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് !

സൂപ്പർ താരം ലൂയിസ് സുവാരസിനെ യുവന്റസ് കഴിഞ്ഞ ദിവസം കയ്യൊഴിഞ്ഞിരുന്നു. താരത്തെ ഇനി സൈൻ ചെയ്യൽ ബുദ്ധിമുട്ടാണെന്ന് യുവന്റസ് അധികൃതർ തുറന്നു പറഞ്ഞിരുന്നു. ഇതോടെ സുവാരസ് മറ്റൊരു ക്ലബ് തേടിയിരുന്നു. അതിന് ഫലം കണ്ടിരിക്കുകയാണിപ്പോൾ. താരം ലാലിഗയിൽ തന്നെ തുടർന്നേക്കും എന്നാണ് ഒടുവിലെ വാർത്തകൾ. ബാഴ്സയുടെ വൈരികളായ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് ചേക്കേറുക. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ ഡിയഗോ സിമിയോണിയും സിഇഒ മിഗെൽ എയ്ഞ്ചലും താരവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് സുവാരസ് ക്ലബുമായി വ്യക്തിപരമായ നിബന്ധനകൾ ഒക്കെ അംഗീകരിച്ചതായും വാർത്തകൾ ഉണ്ട്.

സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഈ വാർത്ത പുറത്തു വിട്ടത്. മാത്രമല്ല മറ്റൊരു കാര്യം കൂടി മുണ്ടോ ഡിപോർട്ടിവോ വിട്ടിട്ടുണ്ട്. താരവും ബാഴ്‌സയുമുള്ള കരാർ ഒഴിവാക്കിയെന്നും ആയതിനാൽ താരത്തിന് ഫ്രീ ട്രാൻസ്ഫറിൽ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാമെന്നാണ് എംഡിയുടെ വാദം. പക്ഷെ താരത്തിന് തുടരാൻ ആഗ്രഹമുണ്ടെങ്കിൽ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നു. ഈ കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിയ താരമാണ് സുവാരസ്. താരത്തിന് പകരമായി നോട്ടമിട്ട ആരെയും ടീമിൽ എത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. 2014-ൽ ബാഴ്സയിൽ എത്തിയ താരം 283 മത്സരങ്ങളിൽ നിന്ന് 197 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *