സാഞ്ചോയും ഡെംബലെയും ലഭ്യമല്ല, ഇനി യുണൈറ്റഡിന്റെ ലക്ഷ്യം അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ !

മുന്നേറ്റനിരയിലേക്ക് ഒരു താരത്തെ എങ്ങനെയെങ്കിലും എത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പഠിച്ച പണി പതിനെട്ടു പയറ്റി നോക്കിയിട്ടും ജേഡൻ സാഞ്ചോയെ ഡോർട്മുണ്ടിൽ നിന്നും റാഞ്ചാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പ് ഡെംബലെയെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് തുടക്കം കുറിച്ചത്. എന്നാൽ ബാഴ്സ വിടാൻ ഡെംബലെക്ക് താല്പര്യമില്ലാത്തതിനാലും ലോണിൽ അയക്കാൻ ബാഴ്‌സക്ക് താല്പര്യമില്ലാത്തതിനാലും ആ വഴിയും യുണൈറ്റഡിന് മുമ്പിൽ അടഞ്ഞ മട്ടാണ്. എന്നാൽ വെറുതെയിരിക്കാൻ യുണൈറ്റഡ് തയ്യാറല്ല. മറ്റൊരു സ്‌ട്രൈക്കറെ നോട്ടമിട്ടിരിക്കുകയാണ് റെഡ് ഡെവിൾസ്. സ്പാനിഷ് വമ്പൻമാരായ സെവിയ്യയുടെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലുക്കാസ് ഒകമ്പസാണ് യുണൈറ്റഡിന്റെ പുതിയ ലക്ഷ്യം. ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ മുമ്പ് എങ്ങനെയെങ്കിലും താരത്തെ വിട്ടുകിട്ടാൻ വഴിയുണ്ടോ എന്നാണ് യുണൈറ്റഡ് ഇപ്പോൾ അന്വേഷിക്കുന്നത്.

പ്രമുഖ മാധ്യമമായ ഇഎസ്പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരം നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ലാലിഗയിൽ മുപ്പത്തിമൂന്ന് മത്സരങ്ങൾ കളിച്ച താരം പതിനാലു ഗോളും മൂന്ന് അസിസ്റ്റും നേടിയിരുന്നു. കഴിഞ്ഞ ട്രാൻസ്ഫറിൽ ആയിരുന്നു താരം മാഴ്സെയിൽ നിന്നും സെവിയ്യയിൽ എത്തിയത്. പതിനഞ്ച് മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി സെവിയ്യ മുടക്കിയിരുന്നത്. കഴിഞ്ഞ ലാലിഗയിലെ ഏത് മികച്ച സൈനിങ്‌ ആയാണ് ഒകമ്പസിനെ ആരാധകർ തിരഞ്ഞെടുത്തിരുന്നത്. മാർക്ക നടത്തിയ പോളിൽ ആയിരുന്നു ഇത്. മുമ്പ് റിവർപ്ലേറ്റ്, മൊണോക്കോ, ജെനോവ, മിലാൻ, മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരം ഒകമ്പസ്. അർജന്റീനക്ക് വേണ്ടിയും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഏതായാലും ഒക്ടോബർ അഞ്ചിന് മുമ്പ് താരത്തെ ഓൾഡ് ട്രഫോഡിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്.

Leave a Reply

Your email address will not be published. Required fields are marked *