സഞ്ചോയെയല്ല, യുണൈറ്റഡ് മുൻഗണന നൽകുന്നത് ആ സൂപ്പർ സ്‌ട്രൈക്കർക്ക്‌ !

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ സഞ്ചോ. എന്നാൽ താരത്തെ ബൊറൂസിയ വിട്ടു നൽകാതിരിക്കുകയായിരുന്നു. ഏകദേശം നൂറ് മില്യൺ പൗണ്ടോളമാണ് താരത്തിന് വേണ്ടി ബൊറൂസിയ ആവിശ്യപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് യുണൈറ്റഡ് ഈ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാലിപ്പോൾ ജേഡൻ സാഞ്ചോയേക്കാൾ യുണൈറ്റഡ് പരിഗണന നൽകുന്നത് ബൊറൂസിയയുടെ തന്നെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിനാണ് ഇംഗ്ലീഷ് മാധ്യമമായ മിററിനെ ഉദ്ധരിച്ചു കൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ മിന്നും ഫോമിലാണ് ഹാലണ്ട് കളിക്കുന്നത്. ഡോർമുണ്ടിനായി കളിച്ച 32 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് ഹാലണ്ട് ആകെ നേടിയത്. യൂറോപ്പിലെ പല പ്രമുഖതാരങ്ങളേക്കാളും കൂടുതലാണിത്. ഇതിനെ തുടർന്ന് ബാഴ്സലോണ, റയൽ മാഡ്രിഡ്‌ തുടങ്ങിയവരെല്ലാം തന്നെ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. അതേസമയം ജേഡൻ സാഞ്ചോയുടെ പ്രകടനം മോശപ്പെട്ട് വരികയാണ്. ഈ ബുണ്ടസ്ലിഗയിൽ ഒരു ഗോൾ പോലും നേടാൻ സാഞ്ചോക്ക്‌ കഴിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് 3 അസിസ്റ്റുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. കഴിഞ്ഞ സീസണിൽ ഇരുപത് ഗോളുകളും അത്രത്തോളം അസിസ്റ്റുകളും തന്നെ താരം നേടിയിരുന്നു. എന്നാൽ ആ മികവ് ഈ സീസണിൽ ആവർത്തിക്കാൻ സാഞ്ചോക്ക്‌ കഴിഞ്ഞിട്ടില്ല. ഏതായാലും ഹാലണ്ടിന് വേണ്ടി യുണൈറ്റഡ് ശക്തമായി രംഗത്തുണ്ടാവുമെന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *