സഞ്ചോയും ഡെംബലെയും സ്വപ്നം മാത്രമായി, ഒടുവിൽ കവാനിയിൽ തൃപ്തിയടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് !

ഒരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാൻ വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തിയ ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബൊറൂസിയ താരം ജേഡൻ സഞ്ചോക്കായിരുന്നു യുണൈറ്റഡിന്റെ പ്രഥമപരിഗണന. അത് ഫലം കാണാതെ വന്നപ്പോൾ ബാഴ്സ താരം ഉസ്മാൻ ഡെംബലെയെ എത്തിക്കാൻ യുണൈറ്റഡ് ശ്രമങ്ങൾ നടത്തി. പക്ഷെ അതും നടപ്പിലായില്ല. ഇപ്പോഴിതാ മറ്റൊരു സൂപ്പർ താരത്തെ ക്ലബ്ബിൽ എത്തിച്ചിരിക്കുകയാണ് യുണൈറ്റഡ്. പിഎസ്ജിയുടെ മുൻ സൂപ്പർ സ്‌ട്രൈക്കർ എഡിൻസൺ കവാനിയെയാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചിരിക്കുന്നത്. താരത്തെ എത്തിച്ച വിവരം ഉടനെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഒരു വർഷത്തെ കരാറിൽ ആയിരിക്കും താരം ഒപ്പുവെക്കുക. കൂടാതെ താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത വർഷം കൂടി യുണൈറ്റഡിൽ തുടരാനുള്ള അവസരം കവാനിക്കുണ്ടാകും.

മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കവാനി ഫ്രീ ഏജന്റ് ആയിരുന്നു. തുടർന്ന് പുതിയ ക്ലബ് അന്വേഷിച്ചു നടക്കുകയായിരുന്നു താരം. നിരവധി ഓഫറുകൾ താരത്തിന് വന്നെങ്കിലും അതെല്ലാം താരം തന്നെ നിരസിക്കുകയായിരുന്നു. താരത്തിന്റെ ഉയർന്ന സാലറി, ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന ആഗ്രഹം, യൂറോപ്പിൽ തന്നെ തുടരണമെന്ന ആഗ്രഹം എന്നിവയൊക്കെയാണ് ഓഫറുകൾക്ക് തടസ്സമായി നിന്നിരുന്നത്. ബെൻഫിക്ക, റയൽ മാഡ്രിഡ്‌, ഇന്റർ മിയാമി എന്നിവരുമായി ബന്ധപ്പെടുത്തിയൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ അത്ലെറ്റിക്കോ മാഡ്രിഡും താരത്തെ സമീപിച്ചിരുന്നു. പക്ഷെ പിന്നീട് അത്ലെറ്റിക്കോ തന്നെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഒടുവിലാണ് താരം യുണൈറ്റഡിൽ എത്തിച്ചേർന്നത്. യുണൈറ്റഡ് താരങ്ങളായ ഗ്രീൻവുഡ്, ആന്റണി മാർഷ്യൽ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കിടയിൽ ഒരു മത്സരത്തിന് ഇടവരുത്തുക എന്ന ഉദ്ദേശത്തിലാണ് കവാനിയെ യുണൈറ്റഡ് ടീമിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *