ലീഡ്‌സ് യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള ആഗ്രഹം അറിയിച്ച് അർജന്റൈൻ താരം ഡി പോൾ !

അർജന്റൈൻ താരം റോഡ്രിഗോ ഡി പോൾ തനിക്ക് ലീഡ്‌സ് യുണൈറ്റഡിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഒരു ട്വിറ്റെർ സംഭാഷണത്തിലാണ് അദ്ദേഹം ലീഡ്‌സിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞത്. പക്ഷെ പിന്നീട് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഏതായാലും താരം ലീഡ്‌സിലേക്ക് പോവുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ സെസാർ ലൂയിസ് മെർലോ അറിയിച്ചിരുന്നു. ഇറ്റാലിയൻ സിരി എയിലെ ഉദിനസിന്റെ താരമായ ഡി പോളിന് പിന്നാലെ ഒട്ടേറെ വമ്പൻ ക്ലബുകൾ ഉണ്ട്. അതിൽ താരത്തെ ഏറ്റവും കൂടുതൽ നോട്ടമിട്ട ക്ലബാണ് സെനിത്. എന്നാൽ സെനിതിന്റെ ഓഫറും താരം നിരസിച്ചിരിക്കുകയാണ്.

മുമ്പ് യുവന്റസും താരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിയുകയായിരുന്നു. ഇരുപത്തിയഞ്ച് മില്യൺ യുറോയാണ് ഡിപോളിന് വേണ്ടി ലീഡ്‌സ് ഉദിനസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ സെനിത് അതിൽ കൂടുതൽ ഓഫർ ചെയ്യുകയായിരുന്നു. 35 മില്യൺ യുറോയാണ് സെനിത് താരത്തിന് വേണ്ടി മുന്നോട്ട് വെച്ചത്. എന്നാൽ ഈ ഓഫർ താരം നിരസിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ താരം സെനിതിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാണ്. ഏതായാലും അർജന്റൈൻ പരിശീലകനായ ബിയൽസ ലീഡ്‌സ് യൂണൈറ്റഡുമായി പ്രീമിയർ ലീഗിൽ ആദ്യ മത്സരം കളിച്ചിരുന്നു. ലിവർപൂളിനോട് 4-3 ന് പൊരുതിയാണ് ബിയൽസയുടെ സംഘം കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *