ലീഡ്‌സിന് ശക്തി പകരാൻ ഇനി ബ്രസീലിയൻ സ്‌ട്രൈക്കർ, റഫിഞ്ഞയെ ബിയൽസ സ്വന്തമാക്കി !

ലീഡ്‌സ് യുണൈറ്റഡിന്റെ മുന്നേറ്റങ്ങൾക്ക് ശക്തി പകരാൻ ഇനി ബ്രസീലിയൻ സ്‌ട്രൈക്കർ കൂടിയുണ്ടാവും. ഫ്രഞ്ച് ക്ലബായ റെന്നസിന്റെ സ്‌ട്രൈക്കർ റഫിഞ്ഞയെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കി. ഇരുപത്തിമൂന്നുകാരനായ താരത്തെ അവസാനദിവസമാണ് ബിയൽസ സ്വന്തമാക്കിയത്. നാലു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. 2024 വരെ താരം ഇനി ലീഡ്‌സിനൊപ്പമുണ്ടാവും. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലീഡ്‌സിന് താരത്തിന്റെ വരവ് ഗുണകരമാവുമെന്നാണ് ബിയൽസ കരുതുന്നത്. അവായ് എന്ന ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച താരം 2016-ൽ പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഡി ഗിമിറസിലേക്ക് എത്തുകയായിരുന്നു.

വിറ്റോറിയക്ക് വേണ്ടി 84 മത്സരങ്ങൾ കളിച്ച താരം 22 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഇതിന് ശേഷം പോർച്ചുഗലിലെ തന്നെ വമ്പൻമാരായ സ്പോർട്ടിങ് സിപി താരത്തെ സ്വന്തമാക്കി. ആദ്യത്തെ സീസണിൽ തന്നെ രണ്ട് കിരീടം നേടാൻ സ്പോർട്ടിങ്ങിനെ റഫിഞ്ഞ സഹായിച്ചു. തുടർന്ന് ഫ്രഞ്ച് വമ്പൻമാരായ റെന്നസ് പതിനെട്ടു മില്യൺ പൗണ്ടിന് താരത്തെ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ റെന്നസിന് വേണ്ടി 30 മത്സരങ്ങൾ കളിച്ച ഈ വിങ്ങർ ഏഴ് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കി. മാത്രമല്ല ഈ സീസണിൽ റെന്നസിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച താരം അവസാനമത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു. ഈ സീസണിൽ ലീഡ്‌സ് സൈൻ ചെയ്ത പതിമൂന്നാം താരമാണ് റഫിഞ്ഞ. പതിനെട്ടാം നമ്പർ ജേഴ്സിയാണ് താരം അണിയുക.

Leave a Reply

Your email address will not be published. Required fields are marked *