ലക്ഷ്യം പണമോ? നിരവധി ബ്രസീലിയൻ യുവ പ്രതിഭകൾ സൗദിയിൽ!

സമീപകാലത്ത് ഒരുപാട് ബ്രസീലിയൻ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നെയ്മർ ജൂനിയർ തന്നെയാണ്. കരിയറിന്റെ നിർണായക സമയത്ത് നെയ്മർ സൗദിയിലേക്ക് എത്തിയത് ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. കൂടാതെ ഫാബിഞ്ഞോ,മാൽക്കം,ഫിർമിഞ്ഞോ,അലക്സ് ടെല്ലസ് എന്നിവരൊക്കെ സൗദി അറേബ്യൻ ലീഗിലേക്ക് വന്നിരുന്നു.

എന്നാൽ ഇവരൊക്കെ തന്നെയും ബ്രസീൽ ദേശീയ ടീമിന് വേണ്ടി കളിച്ച താരങ്ങളാണ്. ഇപ്പോൾ സൗദി അറേബ്യ സ്വന്തമാക്കുന്നത് യുവ പ്രതിഭകളെയാണ്. ഇപ്പോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങൾ കൂടി കൊണ്ടുവരാൻ അവർക്ക് കഴിയുന്നുണ്ട്. നിരവധി ബ്രസീലിയൻ യുവ പ്രതിഭകൾ ഇതിനോടകം തന്നെ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു. ഇത് ആരാധകരിൽ അത്ഭുതമുണ്ടാക്കിയിട്ടുണ്ട്.വലിയ സാലറി ലഭിക്കുന്നു എന്നുള്ളത് തന്നെയാണ് ഈ താരങ്ങളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിച്ച ശേഷം യൂറോപ്പിലേക്ക് മടങ്ങുക എന്ന ഒരു ലക്ഷ്യത്തോടുകൂടിയാണ് ഈ ബ്രസീലിയൻ താരങ്ങൾ സൗദി അറേബ്യയിൽ എത്തിയിട്ടുള്ളത്.

ബ്രസീലിന്റെ ഭാവി ഗോൾകീപ്പറായികൊണ്ട് വിലയിരുത്തപ്പെട്ട താരമാണ് ബെന്റോ. അദ്ദേഹം യൂറോപ്പിലേക്ക് എത്തും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ അൽ നസ്ർ അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.കൂടാതെ അൽ നസ്ർ വെസ്‌ലിയെ കൂടി സ്വന്തമാക്കിയിട്ടുണ്ട്. കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം കൊറിന്ത്യൻസിൽ നിന്നാണ് ഈ സൗദി ക്ലബ്ബിലേക്ക് എത്തിയിട്ടുള്ളത്. ഇതിനുപുറമെ ബ്രസീലിന്റെ അണ്ടർ 20 ടീമിന് വേണ്ടി കളിച്ച അലക്സാൻഡറും സൗദി അറേബ്യയെ തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.ഫ്ലുമിനൻസിന്റെ താരമായിരുന്ന ഈ മിഡ്ഫീൽഡർ അൽ അഹ്ലിക്ക് വേണ്ടിയാണ് കളിക്കുക.കേവലം 20 വയസ്സ് മാത്രമാണ് താരത്തിന് ഉള്ളത്.

ചെൽസിയുടെ ബ്രസീലിയൻ പ്രതിഭയായ ഏയ്ഞ്ചലോ കൂടി ഇപ്പോൾ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്.അൽ നസ്റാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. കേവലം 19 വയസ്സ് മാത്രമാണ് താരത്തിനുള്ളത്.21 വയസ്സുള്ള മാർക്കോസ് ലിയനാർഡോ കൂടി സൗദിയിൽ എത്തിയിട്ടുണ്ട്.അൽ ഹിലാലാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിന്റെ അണ്ടർ 20 ടീമിന് വേണ്ടി കളിച്ച താരമാണ് ഇദ്ദേഹം.ഈ യുവതാരങ്ങൾ ഒക്കെ തന്നെയും സൗദിയിൽ എത്തിയത് ബ്രസീലിയൻ ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.ഒരു മികച്ച കരിയർ ഇവർക്ക് പടുത്തുയർത്താൻ കഴിയില്ലെ എന്നുള്ളതാണ് പ്രധാനമായും ആരാധകരെ അലട്ടുന്ന ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *