റാഫീഞ്ഞയും നെയ്മറും ഒരുമിക്കുമോ? രണ്ട് ക്ലബ്ബുകൾ ശ്രമിക്കുന്നു!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർതാരം ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ ബാഴ്സയുള്ളത്.അതിനുവേണ്ടി അവർക്ക് പല താരങ്ങളെയും കൈവിടേണ്ടി വന്നേക്കും. നല്ലൊരു തുക ലഭിച്ചു കഴിഞ്ഞാൽ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ ഒഴിവാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. 70 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു തുക താരത്തിന് വേണ്ടി ലഭിക്കുമെന്നാണ് പ്രതീക്ഷ.

റാഫീഞ്ഞയെ സ്വന്തമാക്കാൻ നിലവിൽ രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് മുന്നോട്ടു വന്നിട്ടുള്ളത്.ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്കാണ് ഈ ബ്രസീലിയൻ സൂപ്പർതാരത്തെ ആവശ്യമുള്ളത്.ജൂൺ മുപ്പതാം തീയതിക്ക് മുന്നേ തന്നെ താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് ഈ രണ്ടു ക്ലബ്ബുകളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ഓഫറുകൾ കേൾക്കാൻ ബാഴ്സ തയ്യാറായിക്കഴിഞ്ഞു.

കഴിഞ്ഞ സമ്മറിലായിരുന്നു റാഫീഞ്ഞ പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡ് വിട്ടു കൊണ്ട് ബാഴ്സയിൽ എത്തിയത്.എന്നാൽ വലിയ ഒരു മികവൊന്നും ഇതുവരെ ബാഴ്സയിൽ അവകാശപ്പെടാൻ റാഫിഞ്ഞക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ചെൽസി നടത്തിയിരുന്നുവെങ്കിലും അത് വിഫലമാവുകയായിരുന്നു. പക്ഷേ ഇപ്പോഴും അവർക്ക് താല്പര്യം ഉണ്ട്.

അതേസമയം മറ്റൊരു കാര്യം കൂടി ഇതിനോട് കൂട്ടിച്ചേർക്കേണ്ടതുണ്ട്. അതായത് നെയ്മർ ജൂനിയർ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.ചെൽസിയും ന്യൂകാസിൽ യുണൈറ്റഡും തന്നെയാണ് നെയ്മർക്ക് വേണ്ടി രംഗത്തുള്ളത്. ബ്രസീലിയൻ സഹതാരങ്ങളായ നെയ്മറും റാഫീഞ്ഞയും ക്ലബ്ബ് തലത്തിലും ഒരുമിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഈ ലാലിഗയിൽ 31 മത്സരങ്ങൾ കളിച്ച റാഫീഞ്ഞ 7 ഗോളുകളും ആറ് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.ലീഗ് വണ്ണിൽ 20 മത്സരങ്ങൾ കളിച്ച നെയ്മർ 13 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *