റയൽ കൈവിട്ട തന്റെ പ്രിയപ്പെട്ട താരത്തെ തിരികെയെത്തിക്കാൻ ആഞ്ചലോട്ടി!

വരുന്ന സീസണിലേക്കുള്ള റയൽ മാഡ്രിഡിന്റെ പരിശീലകനായി നിയമിതനായത് സൂപ്പർ പരിശീലകനായ കാർലോ ആഞ്ചലോട്ടിയായിരുന്നു. സിനദിൻ സിദാൻ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ആഞ്ചലോട്ടി ഒരിക്കൽ കൂടി റയലിന്റെ പരിശീലകസ്ഥാനമേറ്റെടുത്തത്. ഇപ്പോഴിതാ റയൽ കൈവിട്ട തന്റെ പ്രിയപ്പെട്ട താരത്തെ ടീമിലേക്ക് തിരികെയെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആഞ്ചലോട്ടി. മറ്റാരെയുമല്ല, ഹാമിഷ് റോഡ്രിഗസിനെയാണ് ഒരിക്കൽ കൂടി തന്റെ ടീമിലേക്ക് എത്തിക്കാനുള്ള താല്പര്യം ആഞ്ചലോട്ടി പ്രകടിപ്പിച്ചിട്ടുള്ളത്.സ്പാനിഷ് മാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.റോഡ്രിഗസ് നിലവിൽ പ്രീമിയർ ലീഗ് ക്ലബായ എവെർട്ടണിന്റെ താരമാണ്. കഴിഞ്ഞ സീസണിലായിരുന്നു റയലിൽ നിന്നും എവെർട്ടൻ റോഡ്രിഗസിനെ ടീമിലെത്തിച്ചത്. അപ്പോൾ എവെർട്ടണിന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നത് ആഞ്ചലോട്ടിയായിരുന്നു.

സീസണിന്റെ തുടക്കത്തിൽ റോഡ്രിഗസ് എവെർട്ടണ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ പിന്നീട് അത്‌ തുടരാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഏതായാലും താൻ റയലിൽ എത്തിയ സ്ഥിതിക്ക് ഒരിക്കൽ കൂടി റോഡ്രിഗസിനെ റയലിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ആഞ്ചലോട്ടി.2014-ൽ ആഞ്ചലോട്ടി റയൽ പരിശീലകനായ സമയത്താണ് റോഡ്രിഗസ് റയലിൽ എത്തുന്നത്. പിന്നീട് ആഞ്ചലോട്ടി ബയേണിന്റെ പരിശീലകനായ സമയത്ത് റോഡ്രിഗസ് ബയേണിൽ എത്തി. ആഞ്ചലോട്ടിയുടെ താല്പര്യപ്രകാരം ലോണിൽ ആയിരുന്നു റോഡ്രിഗസ് ബയേണിൽ എത്തിയത്. അതിന് ശേഷം താരം റയലിലേക്ക് തന്നെ മടങ്ങി. പിന്നീട് എവെർട്ടണിന്റെ കോച്ചായ ആഞ്ചലോട്ടി അവിടേക്കും തന്റെ പ്രിയപ്പെട്ട താരത്തെ എത്തിക്കുകയായിരുന്നു. പക്ഷേ ഈയൊരു അവസ്ഥയിൽ റോഡ്രിഗസിനെ റയൽ വാങ്ങുമോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്.29-കാരനായ താരത്തെ കുറഞ്ഞ വിലക്ക് ലഭിച്ചാൽ മാത്രമേ റയൽ ഇക്കാര്യം പരിഗണിക്കുകയൊള്ളൂ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്കക്കുള്ള കൊളംബിയൻ സ്‌ക്വാഡിൽ നിന്നും റോഡ്രിഗസിനെ ഒഴിവാക്കിയത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *