രണ്ട് സൂപ്പർ താരങ്ങളെ ഉടൻ സൈൻ ചെയ്യാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിൽ ബാഴ്സ.

അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് ഇപ്പോൾതന്നെ ബാഴ്സ തുടക്കം കുറിച്ചിട്ടുണ്ട്. ലാലിഗയിൽ മികച്ച രൂപത്തിൽ മുന്നോട്ടുപോകാൻ സാധിക്കുന്നുണ്ടെങ്കിൽ കൂടിയും ബാക്കിയുള്ള കോമ്പറ്റീഷനുകളിൽ വലിയ ചലനമുണ്ടാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.ചാമ്പ്യൻസ് ലീഗ്,യൂറോപ ലീഗ്,കോപ ഡെൽ റേ എന്നിവയിൽ നിന്ന് ബാഴ്സ പുറത്തായിരുന്നു.

വരുന്ന സമ്മറിൽ ഒരുപാട് താരങ്ങളെ ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ അവർക്കൊരു തടസ്സമാണ്. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റി താരം ഇൽകെയ് ഗുണ്ടോഗൻ എന്നിവരെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ബാഴ്സയുള്ളത് എന്നാണ് റെലെവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാനാണ് ഇപ്പോൾ ബാഴ്സ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത്.സാമ്പത്തിക നിയന്ത്രണങ്ങൾ ഉള്ളതിനാൽ തങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് ലാലിഗക്ക് മുന്നിൽ അവതരിപ്പിക്കാൻ ബാഴ്സ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.മെസ്സിക്ക് ഉടൻ തന്നെ ഒരു ഓഫർ ബാഴ്സ നൽകിയേക്കും.ഫ്രീ ഏജന്റായി കൊണ്ടായിരിക്കും മെസ്സി ക്ലബ്ബിൽ തിരിച്ചെത്തുക.

മാഞ്ചസ്റ്റർ സിറ്റി താരമായ ഗുണ്ടോഗനെ എത്തിക്കാൻ ബാഴ്സ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്.അദ്ദേഹവും ഫ്രീ ട്രാൻസ്ഫറിൽ എത്തും എന്നാണ് പ്രതീക്ഷകൾ. അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *