രണ്ട് ബ്രസീലിയൻ സൂപ്പർതാരങ്ങളെ കൂടി സ്വന്തമാക്കാൻ സൗദി അറേബ്യ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നിരവധി സൂപ്പർതാരങ്ങളെ സൗദി അറേബ്യ സ്വന്തമാക്കിയത്.അതിൽ എല്ലാവരെയും ഞെട്ടിച്ച നീക്കം നെയ്മർ ജൂനിയറുടേതാണ്. കരിയറിന്റെ നല്ല പ്രായത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ സ്വന്തമാക്കുകയായിരുന്നു. ഫുട്ബോൾ ലോകം പ്രതീക്ഷിക്കാത്ത ഒരു ട്രാൻസ്ഫർ തന്നെയായിരുന്നു നടന്നിരുന്നത്.

മാത്രമല്ല അലക്സ് ടെല്ലസ്,മാൽക്കം,ഫിർമിഞ്ഞോ,ടാലിസ്‌ക്ക തുടങ്ങിയ ഒരുപാട് ബ്രസീലിയൻ താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് ബ്രസീലിയൻ സൂപ്പർ താരങ്ങളെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യയുള്ളത്. അതിലൊരു താരം ബാഴ്സലോണയുടെ മുന്നേറ്റ നിര താരമായ റാഫീഞ്ഞയാണ്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റാഫീഞ്ഞയെ സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്സലോണ വിൽക്കും എന്നുള്ള റൂമർ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. അത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യൻ ക്ലബ്ബുകൾ.PIF ന് കീഴിലുള്ള ക്ലബ്ബുകൾ ആയ അൽ ഹിലാൽ,അൽ നസ്ർ,അൽ ഇത്തിഹാദ്,അൽ അഹ്ലി എന്നീ നാല് ക്ലബ്ബുകളിൽ ഏതെങ്കിലും റാഫീഞ്ഞയെ സ്വന്തമാക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ഈ ബ്രസീലിയൻ സൂപ്പർതാരം ബാഴ്സലോണ വിടാൻ ആഗ്രഹിക്കുന്നില്ല.യൂറോപ്പിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ബാഴ്സ താരത്തെ കൈവിടുമോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തതകൾ വരേണ്ടത്.

ഇതേസമയം സൗദി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ബ്രസീലിയൻ താരം റിച്ചാർലീസണാണ്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മറ്റൊരു മാധ്യമമായ ടെലിഗ്രാഫാണ്. താരത്തിന് വേണ്ടി വലിയ തുക മുടക്കാൻ സൗദി അറേബ്യ തയ്യാറാണ്. പ്രത്യേകിച്ച് അൽ ഇത്തിഹാദിന് ഈ താരത്തിൽ വലിയ താല്പര്യമുണ്ട്. പക്ഷേ റിച്ചാർലീസൺ സൗദിയിലേക്ക് പോകാൻ താല്പര്യപ്പെടുന്നുണ്ടോ?ടോട്ടൻഹാം താരത്തെ കൈവിടുമോ എന്നുള്ളതൊന്നും വ്യക്തമല്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ മോശമല്ലാത്ത പ്രകടനം നടത്താൻ റിച്ചാർലീസണ് സാധിക്കുന്നുണ്ട്.10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *