രണ്ട് അർജന്റൈൻ താരങ്ങൾ,ഒരു ബാഴ്സ താരം,ഫാബ്രിഗസ് രണ്ടും കല്പിച്ച് തന്നെ!
ഈ സീസണിൽ ഇറ്റാലിയൻ ലീഗിലേക്ക് പ്രമോഷൻ നേടി വന്ന ക്ലബ്ബാണ് കോമോ.സിരി ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു കൊണ്ടായിരുന്നു അവർ സിരി എയിലേക്ക് പ്രമോഷൻ നേടിയത്. ബാഴ്സലോണ ഇതിഹാസമായ സെസ്ക്ക് ഫാബ്രിഗാസാണ് ഇപ്പോൾ അവരുടെ പരിശീലകൻ. ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ കോമോക്ക് യുവന്റസിനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് അവരെ പരാജയപ്പെടുത്തിയത്.
റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള ഫ്രഞ്ച് പ്രതിരോധനിര താരം റാഫേൽ വരാനെയെ ക്ലബ്ബിലേക്ക് എത്തിക്കാൻ ഫാബ്രിഗാസിന് കഴിഞ്ഞിരുന്നു. എന്നാൽ കൂടുതൽ സൂപ്പർ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ കോമോ തുടരുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം ബാഴ്സലോണ സൂപ്പർതാരമായ സെർജി റോബര്‍ട്ടോയാണ്.
റോബെർട്ടോ നിലവിൽ ഫ്രീ ഏജന്റ് ആണ്.ബാഴ്സയോട് അദ്ദേഹം വിട പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഡീൽ ഉടൻതന്നെ പൂർത്തിയാക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ഫാബ്രിഗസ് ഉള്ളത്. ഈ താരത്തെ കൂടാതെ 2 അർജന്റൈൻ യുവ പ്രതിഭകളെ കൂടി കോമോ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. റയൽ മാഡ്രിഡിന്റെ അർജന്റൈൻ സൂപ്പർ താരം നിക്കോ പാസാണ് അതിലൊരു താരം.നിലവിൽ അദ്ദേഹം റയൽ മാഡ്രിഡ് വിടാനുള്ള ഒരുക്കത്തിലാണ്.
വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് നിക്കോ പാസ് റയൽ വിടുന്നത്.അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ കോമോ ഉള്ളത്. അതോടൊപ്പം തന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ യുവ പ്രതിഭയായ മാക്സിമോ പെറോണിനെ കൂടി കോമോ സ്വന്തമാക്കുന്നുണ്ട്.ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് ഈ മൂന്ന് സൈനിങ്ങുകളും പൂർത്തിയാക്കാൻ കഴിയും എന്ന് തന്നെയാണ് ഫാബ്രിഗസ് പ്രതീക്ഷിക്കുന്നത്.
മുമ്പ് ബാഴ്സലോണ,ആഴ്സണൽ,ചെൽസി എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള സ്പാനിഷ് സൂപ്പർ താരമാണ് ഫാബ്രിഗസ്. ഏറ്റവും ഒടുവിൽ അദ്ദേഹം കോമോക്ക് വേണ്ടിയാണ് കളിച്ചത്. പിന്നീട് കോമോയുടെ പരിശീലകനായി കൊണ്ട് തന്നെ അദ്ദേഹം ചുമതല ഏൽക്കുകയായിരുന്നു.