മൗറിസിയോ പോച്ചെട്ടിനോയെ സ്വന്തമാക്കാൻ കളത്തിന് പുറത്ത് മാഞ്ചസ്റ്റർ ഡെർബി !

ഈ സീസണിൽ പ്രീമിയർ ലീഗിൽ മോശം പ്രകടനമാണ് ഇതുവരെ യുണൈറ്റഡ് നടത്തിയത്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും യുണൈറ്റഡ് തോൽക്കുകയായിരുന്നു. മാത്രമല്ല ടോട്ടൻഹാമിനോട് 6-1 എന്ന നാണംകെട്ട തോൽവിയാണ് യുണൈറ്റഡിന് ഏറ്റു വാങ്ങേണ്ടി വന്നത്. ഇതോടെ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാറുടെ ഭാവി അവതാളത്തിലായിരുന്നു. അദ്ദേഹത്തെ പുറത്താക്കാനുള്ള ഒരുക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയിരുന്നു. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത് മുൻ ടോട്ടൻഹാം പരിശീലകനായിരുന്ന മൗറിസിയോ പോച്ചെട്ടിനോയായിരുന്നു. യുണൈറ്റഡ് അധികൃതർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാലിപ്പോഴിതാ കളത്തിന് പുറത്ത്‌ ഒരു മാഞ്ചസ്റ്റർ ഡെർബിക്കുള്ള വേദിയൊരുങ്ങുകയാണ്. പോച്ചെട്ടിനോയിൽ മാഞ്ചസ്റ്റർ സിറ്റിയും നോട്ടമിട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പെപ് ഗ്വാർഡിയോളയെ അടുത്ത സമ്മറിൽ പുറത്താക്കാനാണ് ഇപ്പോൾ സിറ്റി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. ട്രാൻസ്ഫർ മാർക്കറ്റുകളിൽ ഭീമൻ തുക ചിലവഴിച്ചിട്ടും അതിന്റെ വലിയ ഗുണമൊന്നും ഇതുവരെ ലഭിക്കാത്തതാണ് സിറ്റിയെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ പോച്ചെട്ടിനോ സമ്മതം മൂളിയാൽ ഒരുപക്ഷെ അടുത്ത സീസണിൽ സിറ്റിയുടെ പരിശീലകവേഷത്തിൽ പോച്ചെട്ടിനോയെ കണ്ടേക്കാം. എന്നാൽ യുണൈറ്റഡും ഈ നാല്പത്തിയെട്ടുകാരനെ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ്. പോച്ചെട്ടിനോ സമ്മതിച്ചാൽ സോൾഷ്യറെ ഉടനെ പുറത്താക്കാൻ യുണൈറ്റഡ് ഒരുക്കമാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും കളത്തിന് പുറത്ത് ഒരു ഡെർബി നടക്കാനിരിക്കുകയാണ്. കഴിഞ്ഞ നവംബറിലായിരുന്നു ടോട്ടൻഹാം ഇദ്ദേഹത്തെ പുറത്താക്കിയത്. അതിന് ശേഷം ഫ്രീ ഏജന്റ് പോച്ചെട്ടിനോ ഇതുവരെ ഒരു ക്ലബ്ബിന്റെ കോച്ചിംഗ് സ്ഥാനവും ഏറ്റെടുക്കാൻ സമ്മതിച്ചിട്ടില്ല. നിരവധി ഓഫറുകളായിരുന്നു അദ്ദേഹത്തിന് വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *