മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി വേണ്ടെന്ന് വെക്കുന്നു, കാരണങ്ങൾ ഇതൊക്കെ !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പ്രധാനമായും മാഞ്ചസ്റ്റർ സിറ്റിയായിരുന്നു മെസ്സിയുടെ ലക്ഷ്യം. എന്നാൽ അതിന് സാധിക്കാതെ വന്നതോടെ മെസ്സി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ മെസ്സിയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കുകയും താരം ഫ്രീ ഏജന്റ് ആവുകയും ചെയ്യും. അതിനാൽ തന്നെ താരം സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ നിർണായകവഴിത്തിരിവ് സംഭവിച്ചിരിക്കുകയാണിപ്പോൾ. മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിൽ എത്തിക്കേണ്ട എന്ന തീരുമാനം എടുത്തു കഴിഞ്ഞതായാണ് വാർത്തകൾ. സ്കൈ സ്പോർട്സ്, മാർക്ക എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സ്പാനിഷ് മാധ്യമപ്രവർത്തകനായ സെമ്ര ഹണ്ടറാണ് ഇക്കാര്യം സ്കൈ സ്പോർട്സിനോട് പറഞ്ഞത്. ഇദ്ദേഹത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാർത്ത പ്രചരിക്കുന്നത്. മെസ്സിയുടെ പ്രായവും ഉയർന്ന സാലറിയുമാണ് സിറ്റിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുകാരനായ മെസ്സിയെ 100 മില്യൺ യൂറോ വാർഷികവേതനം നൽകി കൊണ്ട് ടീമിലേടുക്കേണ്ട ആവിശ്യമില്ല എന്നാണ് സിറ്റിയുടെ നിലപാട് എന്നാണ് ഈ മാധ്യമപ്രവർത്തകൻ അറിയിച്ചിരിക്കുന്നത്.

” മെസ്സിക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ബിഡുകൾ ഒന്നും മുന്നോട്ട് വെക്കാൻ പോവുന്നില്ല. സിറ്റിയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എന്നെ ഇക്കാര്യം അറിയിച്ചത്. എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, മെസ്സിയുടെ കേസ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് തന്നെ അവസാനിപ്പിച്ചിരിക്കുന്നു.അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പ്രായമാണ്. താരത്തിന്റെ ഏറ്റവും മികച്ച കാലഘട്ടം താരം ബാഴ്‌സയിൽ ചിലവഴിച്ചു കഴിഞ്ഞു. രണ്ടാമതായി പണമാണ്. താരത്തിനെ ഫ്രീ ആയി സിറ്റിക്ക് ലഭിക്കും. പക്ഷെ താരത്തിന് ഒരു വർഷം സാലറിയായി നൽകേണ്ടത് നൂറ് മില്യൺ യൂറോയാണ്. ഈയൊരു അവസ്ഥയിൽ ഇത് വളരെ കൂടുതലാണ്. അതിനാൽ തന്നെ സിറ്റി ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ് ” ഇതാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സിറ്റി അധികൃതരിൽ നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *