ബ്രസീലിൽ നിന്നും മറ്റൊരു പ്രതിഭ,സ്വന്തമാക്കാൻ റയലും ആഴ്സണലും രംഗത്ത്!
സമീപകാലത്ത് ഒരുപാട് ബ്രസീലിയൻ യുവ പ്രതിഭകളെ സ്വന്തമാക്കിയ ക്ലബ്ബാണ് റയൽ മാഡ്രിഡ്.വിനീഷ്യസ്,റോഡ്രിഗോ,എൻഡ്രിക്ക്,മിലിറ്റാവോ എന്നിവരൊക്കെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീലിയൻ താരങ്ങളാണ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിലും ഒരുപിടി ബ്രസീലിയൻ താരങ്ങൾ കളിക്കുന്നുണ്ട്.ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനല്ലി, ഗബ്രിയേൽ മഗല്ലസ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.
ഈ രണ്ട് ക്ലബ്ബുകൾക്കും മറ്റൊരു ബ്രസീലിയൻ യുവ പ്രതിഭയെ കൂടി സ്വന്തമാക്കാൻ താല്പര്യമുണ്ട്. ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടി കളിക്കുന്ന താരമാണ് വിറ്റോർ റെയിസ്. കേവലം 18 വയസ്സ് മാത്രമുള്ള ഈ താരം പ്രതിരോധനിരയിലാണ് കളിക്കുന്നത്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ താരത്തെ സ്വന്തമാക്കാൻ മറ്റു പല ക്ലബ്ബുകൾക്കും താല്പര്യമുണ്ട്.ബാഴ്സയും ലിവർപൂളും ചെൽസിയും ഒക്കെ അതിൽ പെട്ടവരാണ്.
പക്ഷേ താരത്തെ കൊണ്ടുവരിക എന്നുള്ളത് എളുപ്പമുള്ള കാര്യമാവില്ല.2028 വരെ അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. 100 മില്യൺ യൂറോ ആണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.താരത്തിന് ആസ്കിങ് പ്രൈസ് ആയിക്കൊണ്ട് ഒന്നും തന്നെ പാൽമിറാസ് നിശ്ചയിച്ചിട്ടില്ല.റെയിസിനെ കൈവിടാൻ അവർക്ക് വലിയ താല്പര്യം ഒന്നുമില്ല.പ്രത്യേകിച്ച് അടുത്തവർഷം നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ ഈ താരത്തെ അവർക്ക് ആവശ്യമുണ്ട്.
നിലവിൽ റയലിന് സെന്റർ ബാക്ക് പൊസിഷനിലേക്ക് താരങ്ങളെ ആവശ്യമുണ്ട്.അതുകൊണ്ടാണ് ഈ പതിനെട്ടുകാരനെ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.പക്ഷേ വലിയ ഒരു തുക തന്നെ ബ്രസീലിയൻ ക്ലബ്ബ് ആവശ്യപ്പെടും എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇതിനോടകം തന്നെ പാൽമിറാസിന്റെ സീനിയർ ടീമിനുവേണ്ടി 15 മത്സരങ്ങൾ കളിക്കുകയും രണ്ടു ഗോളുകൾ നേടുകയും ചെയ്ത താരമാണ് റെയിസ്