ബ്രസീലിൽ നിന്നും ഡിഫന്ററെ പൊക്കാൻ റയൽ മാഡ്രിഡ്!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം,ഒരു സെന്റർ ബാക്കിനെ ഇപ്പോൾ അവർക്ക് അത്യാവശ്യമാണ്. എന്തെന്നാൽ നാച്ചോ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഡേവിഡ് അലാബ ഇതുവരെ പരിക്കിൽ നിന്നും മുക്തനായിട്ടില്ല.ലെനി യോറോ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
അക്കാദമി താരമായ ജോൺ മാർട്ടിനസിനെ ഉപയോഗപ്പെടുത്താനായിരുന്നു റയൽ മാഡ്രിഡിന്റെ പദ്ധതി.പക്ഷേ അദ്ദേഹത്തിനും ഇപ്പോൾ പരിക്കേറ്റിട്ടുണ്ട്. അങ്ങനെ സെന്റർബാക്ക് പൊസിഷനിൽ ഗുരുതരമായ പ്രതിസന്ധിയാണ് റയൽ മാഡ്രിഡ് നേരിടുന്നത്. അതുകൊണ്ടുതന്നെ സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുന്നേ പ്രതിരോധത്തിലേക്ക് ഒരു താരത്തെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് റയൽ മാഡ്രിഡ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ESPN ബ്രസീൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. ബ്രസീലിയൻ യുവ ഡിഫൻഡർ ആയ വിറ്റോർ റെയ്സിന് വേണ്ടി ഇപ്പോൾ റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. കേവലം 18 വയസ്സ് മാത്രമുള്ള ഈ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടി സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന താരമാണ് വിറ്റോർ റെയ്‌സ്.
ആകർഷകമായ തുക ലഭിക്കുകയാണെങ്കിൽ തീർച്ചയായും പാൽമിറാസ് അദ്ദേഹത്തെ കൈവിട്ടേക്കും. റയൽ മാഡ്രിഡ് എൻഡ്രിക്കിനെ ഈ ക്ലബ്ബിൽ നിന്നായിരുന്നു സ്വന്തമാക്കിയിരുന്നത്. അതേസമയം പാൽമിറാസിൽ നിന്ന് തന്നെയാണ് എസ്റ്റവായോ വില്യനെ ചെൽസി സ്വന്തമാക്കിയത്.അതിന് പുറമേയാണ് മറ്റൊരു താരം കൂടി ഇപ്പോൾ യൂറോപ്പിലേക്ക് എത്താൻ ഒരുങ്ങുന്നത്. ഏതായാലും ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുന്നേ ഈ ഡീൽ പൂർത്തിയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കും.