ബ്രസീലിയൻ സൂപ്പർതാരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്!
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ലയണൽ മെസ്സിയെ കൊണ്ടുവരാൻ വേണ്ടി ബാഴ്സക്ക് ഈ പ്രതിസന്ധികളെയെല്ലാം മറികടക്കേണ്ടതുണ്ട്.അവരുടെ സാലറി ബജറ്റ് 200 മില്യൺ യൂറോ ആയി കുറക്കുകയും 100 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയി സമാഹരിക്കുകയും വേണം.എന്നാൽ മാത്രമാണ് ഫിനാൻഷ്യൽ സെക്യൂരിറ്റി കൈവരിക്കാൻ ബാഴ്സക്ക് സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ വരുന്ന സമ്മർ വിന്‍ഡോയിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട്. അതിൽ ഒരു താരമാണ് ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബാഴ്സ റാഫീഞ്ഞയെ ലീഡ്‌സ് യുണൈറ്റഡിൽ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാൽ ബാഴ്സയിൽ പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് ഉയരാൻ റാഫീഞ്ഞക്ക് സാധിച്ചിട്ടില്ല.
🚨 Newcastle are planning a move for Barcelona's 26-year-old Brazilian forward Raphinha.
— Transfer News Live (@DeadlineDayLive) April 23, 2023
(Source: Mundo Deportivo) pic.twitter.com/IeMJQE1y19
കഴിഞ്ഞ സമ്മറിൽ തന്നെ ഒരുപാട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ചെൽസി ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് ഇപ്പോഴും ഈ ബ്രസീലിയൻ താരത്തിൽ താല്പര്യമുണ്ട്. ഇതിനുപുറമെ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആകെ 41 മത്സരങ്ങളാണ് ഈ സീസണിൽ റാഫീഞ്ഞ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. 9 ഗോളുകളും 9 അസിസ്റ്റുകളുമാണ് ഈ താരം സ്വന്തമാക്കിയിട്ടുള്ളത്.റാഫീഞ്ഞയെ കൂടാതെ ഫെറാൻ ടോറസ്,ഫാറ്റി,കൂണ്ടെ എന്നിവരെ കൂടി ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്. മെസ്സിക്ക് പുറമേ ഗുണ്ടോഗൻ,കാൻസെലോ എന്നിവരെയാണ് ബാഴ്സ ടീമിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്.