പോച്ചെട്ടിനോക്ക്‌ ശേഷം അർജന്റൈൻ സുപ്പർ താരമുൾപ്പടെ രണ്ട് താരങ്ങളെ റാഞ്ചാൻ പിഎസ്ജി !

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു പിഎസ്ജി തങ്ങളുടെ പരിശീലകൻ തോമസ് ടുഷേലിനെ പരിശീലകസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പകരക്കാരനായി മൗറിസിയോ പോച്ചെട്ടിനോ എത്തുമെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പിഎസ്ജി പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏതായാലും പോച്ചെട്ടിനോയെ എത്തിച്ചു കഴിഞ്ഞാൽ രണ്ട് സൂപ്പർ താരങ്ങളെ കൂടി പാർക് ഡെസ് പ്രിൻസസിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതുപ്രകാരം യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാല, ഇന്റർമിലാന്റെ ക്രിസ്ത്യൻ എറിക്സൺ എന്നിവരെയാണ് പിഎസ്ജിക്കാവിശ്യം.

നിലവിൽ 2022 വരെയാണ് ദിബാലക്ക്‌ യുവന്റസുമായി കരാറുള്ളത്. എന്നാൽ നിലവിൽ താരം ക്ലബ്ബിൽ മോശം ഫോമിലാണ് കളിക്കുന്നത് എന്ന് മാത്രമല്ല ചില മത്സരങ്ങളിൽ താരത്തെ പിർലോ പുറത്തിരുത്തുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ ദിബാല ക്ലബ് വിടാൻ തയ്യാറാൽ റാഞ്ചാൻ പിഎസ്ജി സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി മറ്റൊരു താരം ഇന്റർമിലാൻ മിഡ്‌ഫീൽഡർ ക്രിസ്ത്യൻ എറിക്സണാണ്. താരത്തെ വിട്ടു നൽകാൻ സമ്മതമാണ് എന്ന് ഇന്റർ അറിയിച്ചിട്ടുണ്ട്. പക്ഷെ പിഎസ്ജിയുടെ അർജന്റൈൻ മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡസിനെ അവർക്ക്‌ വേണം. ഇത് പിഎസ്ജി സമ്മതിക്കുമോ എന്നുറപ്പില്ല. ഏതായാലും പോച്ചെട്ടിനോ വന്നതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത കൈവരികയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *