പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു, സിറ്റിയുടെ മധ്യനിരയിലേക്ക് മറ്റൊരു സൂപ്പർ താരം എത്തുന്നു!

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് FA കപ്പും സിറ്റി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്. ഇനി ഇന്ററിനെ തോൽപ്പിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്.

ഇതിനിടെ ട്രാൻസ്ഫർ മാർക്കറ്റിലും സിറ്റി സജീവമാണ്.മധ്യനിരയിലേക്ക് മറ്റൊരു സൂപ്പർതാരത്തെ എത്തിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുള്ളത്. ചെൽസിയുടെ ക്രൊയേഷ്യൻ സൂപ്പർതാരമായ മാറ്റിയോ കൊവാസിച്ചാണ് സിറ്റിയിലേക്ക് എത്തുന്നത്. ക്ലബ്ബുമായുള്ള പേഴ്സണൽ ടെംസ് ഒക്കെ ഈ ക്രൊയേഷ്യൻ താരം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ ഒരു ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സിറ്റിയുടെ മധ്യനിരതാരമായ ഇൽകെയ് ഗുണ്ടോഗൻ ചിലപ്പോൾ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. കൂടാതെ ബെർണാഡോ സിൽവയെ സ്വന്തമാക്കാനും യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളും ശ്രമിക്കുന്നുണ്ട്. ഈയൊരു അവസരത്തിലാണ് കൊവാസിച്ചിന് വേണ്ടി സിറ്റി ശ്രമങ്ങൾ തുടങ്ങിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ചെൽസിയും സിറ്റിയും താരത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്തും. താരത്തെ വിൽക്കാൻ തന്നെയാണ് ഇപ്പോൾ ചെൽസി തീരുമാനിച്ചിട്ടുള്ളത്.

മധ്യനിരയിൽ വലിയ അഴിച്ചുപണികളാണ് സമീപകാലത്ത് ചെൽസി നടത്തുന്നത്. സൂപ്പർതാരം ജോർഗീഞ്ഞോ നേരത്തെ ക്ലബ് വിട്ടിരുന്നു. കൂടാതെ എങ്കോളോ കാന്റെയും ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ കൊവാസിച്ചും മാസോൺ മൗണ്ടും ക്ലബ്ബ് വിടാൻ ഒരുങ്ങി നിൽക്കുന്നത്.ഏതായാലും ഈ ക്രൊയേഷ്യൻ താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് സിറ്റിക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *