പിഎസ്ജി നിലനിർത്തുന്നതിന് മുമ്പ് നേരിട്ടത് വൻ പ്രതിസന്ധി, ഇകാർഡി വെളിപ്പെടുത്തുന്നു !

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മൗറോ ഇകാർഡി ഇന്റർ മിലാനിൽ നിന്നും ഒരു വർഷത്തെ ലോണിൽ പിഎസ്ജിയിലേക്ക് എത്തിയത്. താരത്തെ വാങ്ങാനുള്ള ഓപ്ഷൻ പിഎസ്ജിക്ക് ലഭ്യമായിരുന്നു. പക്ഷെ താരത്തെ പിഎസ്ജി സ്ഥിരമായി നിലനിർത്തുമോ അതോ ഇന്റർ മിലാനിലേക്ക് തന്നെ പറഞ്ഞയക്കുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ലായിരുന്നു. പ്രതിസന്ധികൾ നിറഞ്ഞ ഒരു സമയമായിരുന്നു അതെന്നാണ് ഇകാർഡി അഭിപ്രായപ്പെട്ടത്. പിഎസ്ജി സ്ഥിരമായി സൈൻ ചെയ്തിട്ടില്ലായിരുവെങ്കിൽ തന്റെ ഭാവി അവതാളത്തിലായേനെ എന്നും ഇകാർഡി കൂട്ടിച്ചേർത്തു. ഇന്റർമിലാൻ വിട്ട സമയത്ത് താരം ക്ലബുമായി അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. അത്കൊണ്ട് തന്നെ പിഎസ്ജി മടക്കി അയച്ചാൽ അത് പ്രതിസന്ധികൾക്ക് ആക്കം കൂട്ടുമെന്നായിരുന്നു ഇകാർഡി കരുതിയിരുന്നത്. മാത്രമല്ല താരത്തിന്റെ കുടുംബത്തിന്റെ ഭാവിയും ഇതിനെ ആശ്രയിച്ചായിരുന്നു. ഇതിനാൽ പിഎസ്ജി തന്നെ നിലനിർത്താൻ തീരുമാനിച്ചപ്പോൾ താൻ വളരെയധികം സന്തോഷവാനായെന്നും ഈ അർജന്റൈൻ താരം അറിയിച്ചു. ബീയിൻ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.

” ഞാൻ ഇവിടെ എത്തിയ ശേഷം ടീമുമായി നല്ല രീതിയിൽ ഒത്തിണങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഞാൻ എന്റെ കുടുംബത്തോടൊപ്പമായിരുന്നു. എന്നാൽ എനിക്ക് സ്ഥലം മാറേണ്ടി വന്നു. പക്ഷെ എന്റെ ഭാര്യയും കുട്ടികളും ഇറ്റലിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കാരണം അവർക്ക് സ്കൂളിൽ പോവേണ്ടതുണ്ടായിരുന്നു. ഞാൻ പാരീസിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ളത് എനിക്ക് ഉറപ്പില്ലായിരുന്നു. കാരണം ഞാൻ ലോണിൽ ആയിരുന്നു. ഒരു വർഷത്തിന് മുകളിൽ കഴിഞ്ഞതിന് ശേഷം പിഎസ്ജി നിലനിർത്താൻ തീരുമാനിച്ചു. വളരെയധികം സന്തോഷമാണ് തോന്നിയത്. തുടർന്ന് എന്റെ കുടുംബം ഇവിടെ എത്തുകയും ഞങ്ങൾ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു ” ഇകാർഡി അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ പിഎസ്ജി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഈ സീസണിൽ താളം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല. നിലവിൽ പരിക്കിന്റെ പിടിയിലുമാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *