നിലവിലെ ക്ലബുമായുള്ള കരാർ വിച്ഛേദിച്ചു,ഓസിലിന് പുതിയ ക്ലബായി!

2021-ലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജർമ്മൻ സൂപ്പർതാരമായിരുന്ന മെസ്യൂട് ഓസിൽ ആഴ്സണലിനോട് വിട പറഞ്ഞത്. പിന്നീട് തുർക്കിഷ് ക്ലബ്ബായ ഫെനർബാഷയിലേക്കായിരുന്നു ഓസിൽ ചേക്കേറിയിരുന്നത്.എന്നാൽ ഫെനർബാഷയുമായുള്ള കരാർ ഇപ്പോൾ ഓസിൽ വിച്ഛേദിച്ചിട്ടുണ്ട്. ഇരു പാർട്ടികളും തമ്മിൽ പരസ്പര ധാരണയോടുകൂടിയാണ് ഈ കരാർ നിർത്തലാക്കിയിട്ടുള്ളത്.

ഇതിന് പിന്നാലെ ഓസിൽ മറ്റൊരു തുർക്കിഷ് ക്ലബ്ബായ ഇസ്താംബൂൾ ബസക്ഷെറിലേക്ക് ചേക്കേറിയിട്ടുണ്ട്.ഫെനർബാഷയുടെ ചിരവൈരികളാണ് ഇസ്താംബുൾ.കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു ഇസ്താംബുൾ ഫിനിഷ് ചെയ്തിരുന്നത്. 8 പോയിന്റ് അധികം നേടിയ ഫെനർബാഷ രണ്ടാം സ്ഥാനത്തുമായിരുന്നു.

2025 വരെയുള്ള ഒരു കരാറിലായിരുന്നു ഓസിൽ ഫെനർബാഷെയുമായി ഒപ്പുവെച്ചത്. എന്നാൽ ഈയിടെ അദ്ദേഹവും ക്ലബ്ബും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയായിരുന്നു. ഇതോടുകൂടിയാണ് കരാർ വിച്ഛേദിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് അവസാനമായി ഇവർക്ക് വേണ്ടി ഓസിൽ കളിച്ചത്. ആകെ 36 മത്സരങ്ങൾ ഫെനർബാഷെയിൽ കളിച്ച ഇദ്ദേഹം 9 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

2013-ലായിരുന്നു റയൽ മാഡ്രിഡിൽ നിന്നും ഓസിൽ ആഴ്സണലിലേക്ക് ചേക്കേറിയത്.പിന്നീട് 184 പ്രീമിയർ ലീഗ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ജർമ്മനിയുടെ ദേശീയ ടീമിനൊപ്പം വേൾഡ് കപ്പ് കിരീടം നേടാനും ഓസിലിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *