നിലപാട് മയപ്പെടുത്തി ബാഴ്സ,ലെവന്റോസ്ക്കി സൗദിയിലേക്കോ?

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി എഫ്സി ബാഴ്സലോണയിൽ എത്തിയത്.മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന താരത്തെയാണ് നമുക്ക് കാണാൻ സാധിക്കുക.ലെവന്റോസ്ക്കിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണിത്.

ക്ലബ്ബിനുവേണ്ടി അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ കേവലം ഒരു ഗോൾ മാത്രമാണ് ലെവന്റോസ്ക്കിക്ക് നേടാൻ സാധിച്ചിരുന്നത്.മാത്രമല്ല പല സുവർണ്ണാവസരങ്ങളും കളഞ്ഞു കുളിക്കുന്ന ലെവന്റോസ്ക്കി ഇപ്പോൾ സ്ഥിര കാഴ്ചയായി മാറിയിട്ടുണ്ട്.അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിലുള്ള നിലപാട് എഫ്സി ബാഴ്സലോണ ഒരല്പം മയപ്പെടുത്തി എന്നാണ് അറിയാൻ സാധിക്കുന്നത്.ലെവന്റോസ്ക്കിയെ കൈവിടാൻ ബാഴ്സലോണ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

2025 വരെയാണ് അദ്ദേഹത്തിന് ബാഴ്സയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി സൗദി അറേബ്യൻ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.എന്നാൽ ബാഴ്സ വിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സൗദി ക്ലബ്ബുകൾ കൂടുതൽ ശ്രമങ്ങൾ താരത്തിനു വേണ്ടി നടത്തുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ലെവന്റോസ്ക്കി സൗദി ക്ലബ്ബുകളുടെ ഓഫറുകൾ സ്വീകരിക്കുകയാണെങ്കിൽ ബാഴ്സ അതിന് തടസ്സം നിൽക്കില്ല. താരത്തെ സൗദിയിലേക്ക് പോകാൻ അനുവദിക്കാം എന്ന നിലപാടിലേക്ക് എഫ്സി ബാഴ്സലോണ എത്തിക്കഴിഞ്ഞു.

21 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 5 അസിസ്റ്റുകളും ആണ് ലെവന്റോസ്ക്കി ഈ സീസനിൽ നേടിയിട്ടുള്ളത്.ലെവന്റോസ്ക്കിയെ പോലെയുള്ള ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഇത് മോശം കണക്കുകൾ തന്നെയാണ്. മാത്രമല്ല ബ്രസീലിയൻ സൂപ്പർ താരമായ വിറ്റോർ റോക്ക് ഇപ്പോൾ ബാഴ്സലോണയിൽ എത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ താരത്തെ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ക്ലബ്ബ് നടത്തിയേക്കും. ചുരുക്കത്തിൽ ക്ലബ്ബിൽ തുടരണമെങ്കിൽ ലെവന്റോസ്ക്കി തന്റെ പഴയ മികവ് വീണ്ടെടുക്കൽ നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *